ലോകകപ്പ് ഫൈനലിൽ അര്‍ജൻ്റീനയെ നേരിടാൻ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. ആദ്യമായി ഫൈനല്‍ പ്രവേശം എന്ന മൊറോക്കോയുടെ സ്വപ്നം ഫ്രഞ്ച് പ്രതിരോധത്തിനും അനുഭവസമ്പത്തിനും മുന്നില്‍ പൊലിഞ്ഞു. അവസാന ശ്വാസം വരെ വീറോടെ പൊരുതിയ ആഫ്രിക്കന്‍ കരുത്താണ് മൊറോക്കോ പ്രദർശിപ്പിച്ചത്. പക്ഷെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ നിലവിലെ ചാമ്പ്യന്മാരോട് പോരാടി വീണു. മൊറോക്കന്‍ ആക്രമണത്തിന് മുന്നില്‍ ഫ്രാൻസ് പലപ്പോഴും പതറി എങ്കിലും ഫിനിഷിങ്ങിലെ പരിചയ സമ്പത്ത് തുണയായി.
ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ ലോകകപ്പിലെ രണ്ടാം ഫൈനലാണ്. ലോകകപ്പ് ചരിത്രത്തിലെ നാലാമത്തെ ഫൈനലിലുമാണ് അവർ എത്തുന്നത്. അത്രയും കരുത്തരായ ടീമിനോടാണ് മൊറോക്കോ കിതയ്ക്കാതെ പിടിച്ചു നിന്നത്. അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ ലക്ഷ്യം കാണാനാവാതെയാണ് മൊറോക്കോ വീണുപോയത്.
ലോകകപ്പിൽ ഒരു ഓൺ ഗോൾ അല്ലാതെ മറ്റൊരു ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്
തിയോ ഫെര്‍ണാണ്ടസാണ് അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സിന് അപ്രതീക്ഷിതമായ ലീഡ് നല്‍കിയത്. എംബാപ്പെയും ഗ്രീസ്മാനും വരാനെയും ചേര്‍ന്ന് രൂപപ്പെടുത്തിയ നീക്കമാണ് ഹെര്‍ണാണ്ടസിന്റെ ക്വിക്ക് ഗോളില്‍ കലാശിച്ചത്. കിട്ടിയ റീബൗണ്ട് ഗോളിയുടെ തൊട്ടടുത്ത് നിന്ന് ഒന്നാന്തരമൊരു അക്രോബാറ്റിക് വോളിയിലൂടെയാണ് ഹെര്‍ണാണ്ടസ് വലയിലാക്കിയത്. പാസ് കൈമാറുന്നതിനിടെ മൊറോക്കോ കളിക്കാരൻ്റെ ദേഹത്ത് തട്ടിത്തെറിച്ച ബോളാണ്.
മിന്നുന്ന വേഗത
ഫ്രഞ്ച് പ്രതിരോധ താരം തിയോ ഹെർണാണ്ടസടിച്ചത് വേഗതയേറിയ രണ്ടാം ഗോളാണ്. 1958ൽ ഫ്രാൻസിനെതിരെയുള്ള സെമിയുടെ രണ്ടാം മിനുട്ടിൽ ബ്രസീലിനായി വാവ നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്.
ഒറ്റ ഗോളില്‍ ഫ്രാന്‍സ് കളി തീര്‍ക്കേണ്ടി വരും എന്ന സാഹചര്യമായിരുന്നു. മൊറോക്കോ വൻമതിൽ ഭദ്രമായിരുന്നു. പക്ഷെ എഴുപത്തിയൊന്‍പതാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ റന്‍ഡല്‍ കോലോ മുവാനി രണ്ടാം ഗോള്‍ വലയിലാക്കി. മൊറോക്കന്‍ പ്രതിരോധത്തെ ഛിന്നഭിന്നമാക്കി ഒരു നർത്തകനെപ്പോലെ എംബാപ്പെ കൊടുത്ത പന്താണ് റന്‍ഡല്‍ കോലോ മുവാനി ആറ് വാര മാത്രം അകലെ നിന്ന് അനായാസം വലയിലേക്ക് തിരിച്ചുവിട്ടത്. ഒസ്മാന്‍ ഡെബല്ലെയക്ക് പകരക്കാരനായി ഇറങ്ങി നാല്പത്തിനാലാം സെക്കന്‍ഡിലാണ് റാന്‍ഡല്‍ തന്റെ കന്നി ലോകകപ്പ് ഗോള്‍ നേടുന്നത്.
കളത്തിലിറങ്ങി, പന്ത് തൊട്ടു, ഗോൾ പിറന്നു
ഈ മത്സരത്തിലെ റാന്‍ഡലിന്റെ ആദ്യ ടച്ചായിരുന്നു ഗോളിലേയ്ക്കുള്ള ഷോട്ട് എന്നതും പ്രത്യേകതയാണ്. ബോൾ തൊട്ടതും ഗോളിലേക്ക്.
പ്രതീക്ഷിച്ചപോലെ ആധിപത്യം പുലര്‍ത്താനാവാതെ പോയ ഫ്രാന്‍സിന് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും കിട്ടിയ അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ചാണ് മൊറോക്കോ അടിയറവു പറഞ്ഞത്. 21-ാം മിനിറ്റില്‍ പരിക്കേറ്റ് ക്യാപ്റ്റന്‍ റൊമെയ്ന്‍ സയ്സിന് മടങ്ങേണ്ടിവന്നതും മൊറോക്കോയ്ക്ക് തിരിച്ചടിയായി. മധ്യനിരയിലും ഫ്രഞ്ച് ഏരിയയിലും കിട്ടിയ മേല്‍ക്കൈ ഒന്നും ഗോളിലേയ്ക്ക് വഴിതിരിച്ചുവിടാന്‍ അവര്‍ക്കായില്ല. കൊടുത്ത ഒന്നാന്തരം ക്രോസുകള്‍ വേണ്ടവണ്ണം കണക്ട് ചെയ്യാന്‍ ആളില്ലാതെ പോവുകയും ചെയ്തു.
എങ്കിലും ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. 60 വർഷത്തിനിടെ ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമായി മാറാനുള്ള അവസരമാണ് ഇനി ഫ്രാൻസിന് മുന്നിൽ. അർജൻ്റീന പക്ഷെ വിട്ടു കൊടുക്കുമോ….


