തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തമിഴ്നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗമാണ് കേസെടുത്തത്. ബിഹാറില്‍നിന്നുള്ള 12 കുടിയേറ്റത്തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിലേറ്റിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിന് തുടർച്ചയായാണ് കേസ്. ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ബിഹാറില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ തൂക്കിക്കൊന്നുവെന്നായിരുന്നു വ്യാജ പ്രചാരണം.
തമിഴ്നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന പ്രചരണത്തിൽ യു പി ബി ജെ പി വക്താവ് ഉൾപ്പെടെ നാല് പേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചവർ രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കി.
മാധ്യമപ്രവർത്തകർ ഉൾപ്പെടെ നാലു പേർക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഹിന്ദി ദൈനിക് ഭാസ്കർ എഡിറ്റർ, തൻവീർ പോസ്റ്റ് പത്രാധിപർ, ഉത്തർപ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ സുഗം ശുക്ല എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.


