ബിഹാറില്‍നിന്നുള്ള 12 കുടിയേറ്റത്തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിലേറ്റിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവിനും ഹിന്ദി പത്രങ്ങൾക്കും എതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ബിജെപി യൂണിറ്റ് വക്താവ് പ്രശാന്ത് ഉംറാവുവിനെതിരെയാണ് കേസെടുത്തത്. ഉത്തർ പ്രദേശിലെ ബി ജെ പി വക്താവാണ് ഉംറാവു. മാധ്യമ പ്രവർത്തകനാണെന്നും ഇയാൾ അവകാശപ്പെടുന്നു.
ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ബിഹാറില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ തൂക്കിക്കൊന്നുവെന്നായിരുന്നു വ്യാജ പ്രചാരണം. രാജ്യത്തിൻ്റെ ഐക്യത്തെ തന്നെ തകർക്കുന്ന ഗുരുതരമായ പ്രചാരണത്തിൽ പത്രങ്ങളും പങ്കാളികളായി. സംഭവത്തില്‍ ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്കറിന്റെ എഡിറ്റര്‍ക്കെതിരെയും പ്രാദേശിക ദിനപത്രമായ തന്‍വില്‍ പോസ്റ്റിന്റെനടത്തിപ്പുകാരനെതിരെയും കേസെടുത്തിട്ടുണ്ട്.
രാജ്യത്തിൻ്റെ ഐക്യത്തെ തകർക്കുന്ന പ്രചാരണത്തിൽ മാധ്യമങ്ങളും
ബിഹാറില്‍ നിന്നുള്ള 12 തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിലേറ്റിയെന്നായിരുന്നു വ്യാജ ട്വീറ്റ്. ബിഹാറിത്തൊഴിലാളികള്‍ക്കെതിരെ ഇത്തരത്തിലൊരുആക്രമണമുണ്ടായിട്ടും തേജസ്വി യാദവ് സ്റ്റാലിന്റെ ജന്മദിനാഘോഷപരിപാടിയില്‍ പങ്കെടുത്തു എന്ന് പ്രചരിപ്പിച്ചു. ഒപ്പം ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഒന്നിച്ചുള്ള ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് പ്രശാന്ത് ഉംറാവു കുറിച്ചു.
പ്രശാന്തിന്റെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും സൃഷ്ടിച്ചതിനാണ് പ്രശാന്തിനെതിരെ പോലീസ് കേസെടുത്തത്. ശത്രുത പ്രചരിപ്പിച്ചതിനും കലാപങ്ങള്‍ക്ക് ഇടവരുത്തിയതിനുമാണ് ദൈനിക് ഭാസ്കറിന്റെ എഡിറ്റര്‍ക്കെതിരേയും തന്‍വീര്‍ പോസ്റ്റിന്റെ ഉടമക്കെതിരേയും കേസെടുത്തിട്ടുള്ളത്.
ഒരു ബിഹാര്‍ സ്വദേശി ഝാര്‍ഖണ്ഡ് സ്വദേശിയുമായുള്ള പ്രശ്നത്തിൽ കൊലചെയ്തതിനെ തമിഴ്നാട്ടില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കെതിരെ നടന്ന ആക്രമണമായി ദൈനിക് ഭാസ്കര്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തമിഴ്നാട്ടില്‍ ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരെ ആക്രമണസംഭവങ്ങള്‍ അരങ്ങേറുന്നതായി കഴിഞ്ഞയാഴ്ച വാട്സാപ്പിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട്, ബിഹാര്‍ സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്കുകയുണ്ടായി.
കുടിയേറ്റ തൊഴിലാളികള്‍ ഒരുതരത്തിലും ഭയപ്പെടേണ്ടതില്ലെന്നും ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ ഉടനെതന്നെ ഹെല്പ് ലൈനിലേക്ക് വിളിക്കാനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ആവശ്യപ്പെട്ടു. കുടിയേറ്റ സഹോദരങ്ങളുടെ സുരക്ഷക്കായി തമിഴ്നാട് സര്‍ക്കാരും ജനങ്ങളും എന്നും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഭീകര പ്രവർത്തനങ്ങളെ തടയാൻ, കുടിയേറ്റ തൊഴിലാളികള്‍ ഭയപ്പെടേണ്ടതില്ലെന്ന് തമിഴ്നാട് ജില്ലാ കളക്ടര്‍മാര്‍ ഹിന്ദിയില്‍ത്തന്നെ ഇതിന് തുടർച്ചയായി അറിയിപ്പുകള് പുറത്തിറക്കി.


