ഗുജറാത്ത് കലാപത്തിലെ ഏറ്റവും ക്രൂര മുഖമായ ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസില്‍ സര്‍ക്കാര്‍ മാപ്പ് നൽകി മോചിപ്പിച്ച പ്രതികൾക്ക് വംശീയ സ്തുതിയുമായി എം.എൽ.എ.
ഗുജറാത്ത് സർക്കാർ മോചനം നൽകിയ 11 പേരും ‘ബ്രാഹ്മണരാണെ’ന്നും ‘നല്ല സംസ്കാരത്തിനുടമകളാണെ’ന്നും ബിജെപി എംഎല്‍എ. ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗല്‍ജി പറഞ്ഞു.
മനസാക്ഷി തകർക്കുന്ന ക്രൂരകൃത്യത്തിലെ പ്രതികളുടെ മോചനത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് എംഎല്‍എയുടെ പ്രസ്താവന. ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ രണ്ട് ബിജെപി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് ബ്രാഹ്മണ സ്തുതി നടത്തിയ സി.കെ. റൗല്‍ജി.
“അവര്‍ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. പക്ഷെ കുറ്റകൃത്യം നടപ്പാക്കാൻ ചില ഉദ്ദേശം ഉണ്ടാവണം. അവര്‍ ബ്രാഹ്മണരാണ്, ബ്രാഹ്മണര്‍ നല്ല സംസ്കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്” എന്നാണ് അന്വേഷണ സമിതിയിലെ എം.എൽ. എയുടെ പ്രതികരണം. പ്രതികള്‍ ജയിലിൽ സൽസ്വഭാവികളായിരുന്നു എന്നും അദ്ദേഹം പുകഴ്ത്തി.
തെലുങ്കാന രാഷ്ട്ര സമിതി സോഷ്യല്‍ മീഡിയ കണ്‍വീനര്‍ വൈ. സതീഷ് റെഡ്ഡി അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററില്‍ പങ്കുവെച്ചു. ബലാത്സംഗികളെ സംസ്കാരസമ്പന്നരെന്നാണ് ബിജെപി വിശേഷിപ്പിക്കുന്നതെന്നും ഒരു രാഷ്ട്രീയകക്ഷിയ്ക്ക് എത്രത്തോളം തരംതാഴാമെന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കുറിച്ചു.
സ്വാതന്ത്ര്യദിനത്തിലാണ് ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികള്‍ ജയില്‍മോചിതരായത്. മോചനം തേടി പ്രതികളിലൊരാള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനത്തിനായി കോടതി സംസ്ഥാനസര്‍ക്കാരിന് വിടുകയായിരുന്നു. രാഹുല്‍ ഗാന്ധി, മഹുവ മൊയ്ത്ര, പി. ചിദംബരം തുടങ്ങി നിരവധി നേതാക്കള്‍ മോചനത്തിനെതിരേ രംഗത്തെത്തിയിരുന്നു.