പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പിതാവിനെ പോലീസ് പിടികൂടിയില്ലെന്ന പരാതിയുമായി പെണ്‍കുട്ടി. കേരളത്തിൽ കാസര്‍കോട് ജില്ലയിലാണ് പൊലീസിനെതിരെ ഗുരുതരമായ വീഴ്ച ആരോപിച്ച് ഇരയായ പെൺകുട്ടി തന്നെ രംഗത്ത് എത്തിയത്.
ചന്തേര പോലീസ് സ്റ്റേഷന് പരിധിയില്‍ 2019 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നത്. പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും മാതാവ് ഇതിന് കൂട്ടുനിന്നെന്നും ആരോപിച്ചാണ് പെണ്‍കുട്ടി 2019-ല്‍ പരാതി നല്‍കിയത്. പോലീസ് പിതാവിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തെങ്കിലും മൂന്നുവര്‍ഷമായിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കുക പോലും ചെയ്തിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നാണ് പോലീസിന്റെ മറുപടി.
എന്നാൽ കേസിൽ ഒരു പുരോഗതിയും ഇല്ല.
‘ഒറ്റതവണ മാത്രമല്ല, മൂന്നാംക്ലാസ് തൊട്ട് ആറാംക്ലാസ് വരെ പലതവണ ഉപ്പ ഇങ്ങനെ ചെയ്തിട്ടുണ്ട്. അത്രയുംവര്‍ഷങ്ങള്‍ രാത്രി കിടക്കുമ്പോള്‍ അങ്ങനെ ചെയ്തിരുന്നു. രാത്രി ഉപ്പാന്റെ കൂടെ കിടക്കാതിരുന്നാല്‍ പ്രശ്നമാക്കും. ഉമ്മയും പ്രശ്നമുണ്ടാക്കും. മോള് താഴെ കിടക്കണമെന്നാണ് ഉമ്മ പറയാറ്. പക്ഷേ, ആ ചെറിയ പ്രായത്തില്‍ എനിക്ക് ഇതൊന്നും പുറത്തുപറയാന്‍ അറിയുമായിരുന്നില്ല. അതുകൊണ്ടാണ് അന്ന് പ്രതികരിക്കാതിരുന്നത്.
പിന്നീട് പരാതി നല്കി. മജിസ്ട്രേറ്റിന് മൊഴിയെല്ലാം നല്കി. എന്നിട്ടും അവര്‍ കേസ് അന്വേഷിക്കുന്നില്ല. കേസ് കൊടുക്കുമ്പോള്‍ ഉപ്പ നാട്ടില്‍ തന്നെയുണ്ടായിരുന്നു. അന്വേഷണം മെല്ലെയായതോടെയാണ് ഉപ്പ മുങ്ങിയത്. പോലീസ് ഉരുണ്ട് കളിക്കുകയാണ്. കേസ് കൊടുത്തതിന് ഉമ്മയും മാനസികമായി തളര്‍ത്തുകയാണ്.
റെസ്ക്യൂ ഹോമിലും പീഡനം
റെസ്ക്യൂ ഹോമിലാണ് ഇപ്പോള്‍ കഴിയുന്നത്. നിലവില്‍ അവധിക്കാലമായതിനാല്‍ ഇളയമ്മയുടെ വീട്ടിലാണ്. റെസ്ക്യൂഹോമിലും വലിയ പീഡനമാണ്. അവിടെ നില്‍ക്കാനും കഴിയില്ല. പെണ്‍കുട്ടി പറഞ്ഞു.
മൂന്നാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ മൂന്നുവര്‍ഷത്തോളം പിതാവ് നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. മാതാവ് ഇതിന് കൂട്ടുനിന്നെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍ പിതാവിനെതിരേ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ മാത്രം പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ കാണാനില്ലെന്നും കോടതിയെ സമീപിച്ച് വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് ചന്തേര പോലീസിന്റെ പ്രതികരണം.
അതേസമയം, പ്രതികളെ സംരക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് പെണ്‍കുട്ടിയുടെ മാതൃസഹോദരിയും ആരോപിച്ചു. നിലവില്‍ ഇവരുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി.
അന്വേഷണം എന്തായി എന്ന് ചോദിക്കുമ്പോള്‍ കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നാണ് പോലീസിന്റെ മറുപടി. മാതാവും കേസില്‍ പ്രതിയാണെന്നറിഞ്ഞിട്ടും അവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മാതാവിന്റെ ഫോണിലേക്ക് പിതാവ് എന്നും വിളിക്കുന്നുണ്ട്. പ്രതി എവിടെയാണെന്ന് മാതാവിനറിയാമെന്നും ഇവര്‍ പറഞ്ഞു.
രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കുട്ടിയുടെ മാതാവ് കേസ് പിന്‍വലിപ്പിക്കാന്‍ നീക്കം നടത്തിയതായും അവർ വെളിപ്പെടുത്തി.


