സൂപ്പര്‍താരത്തോടൊപ്പം കുടുംബവും ഇപ്പോള്‍ സൗദിയിലാണുള്ളത്. മക്കള്‍ അറബി പഠിക്കാൻ തുടങ്ങി. റൊണാള്‍ഡോയുടെ മകള്‍ അറബി സംസാരിക്കുന്ന വീഡിയോ പങ്കാളി ജോര്‍ജിന പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജോര്‍ജിന ഈ വീഡിയോ പുറത്തുവിട്ടത്.
‘ഞങ്ങളുടെ മകള്‍ ഇപ്പോഴേ അറബി സംസാരിക്കുകയാണ്’ എന്ന വാചകത്തോടെയാണ് മകളുടെ വീഡിയോ ജോര്‍ജിന പങ്കുവെച്ചത്. ക്രിസ്റ്റ്യാനോയെ ഇതില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. ജോര്‍ജിനയെ നോക്കിക്കൊണ്ട് ആവേശത്തോടെ മകള്‍ അലാന അറബി സംസാരിക്കുന്നതാണ് വീഡിയോയില്‍. അവസാനം ജോര്‍ജിന ചിരിക്കുന്നതും കേള്‍ക്കാം. ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
യൂറോപ്പിലെന്ന പോലെ ഏഷ്യയിലും മികവുകളാൽ സ്വാധീനം നേടുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ ഫെബ്രുവരിയിലെ മികച്ച താരമായും പോര്‍ച്ചുഗീസ് നായകന്‍ മാറി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബ് അല്‍നസ്‌റിലേക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റൊണാള്‍ഡോ കൂടുമാറിയത്. തുടക്കം മികച്ചതായിരുന്നില്ലെങ്കിലും പതിയെ അല്‍നസ്‌റിലും നക്ഷത്രമായി.
സൗദി പ്രോ ലീഗില്‍ ഇത്തിഫാഖിനെതിരേയാണ് അല്‍നസ്‌റിനായുള്ള അരങ്ങേറ്റം. മൂന്നാം മത്സരത്തില്‍ അല്‍ ഫത്തേഹിനെതിരേ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ സൗദിയിലെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ അല്‍ വെഹ്ദയ്‌ക്കെതിരേ നാല് ഗോളുകളടിച്ച് റോണോ സൗദിയിലും തന്റെ വരവറിയിച്ചു. ലീഗില്‍ ദമാകിനെതിരേയും ഹാട്രിക്ക് നേടി. കരിയറിലെ 62-ാം ഹാട്രിക്കാണ് താരം നേടിയത്. ഇതിന് പിന്നാലെ റൊണാള്‍ഡോ ഫെബ്രുവരിയിലെ മികച്ച താരമായി.


