സ്വന്തം കുട്ടികളെ ഗുണ്ടകളോ കലാപകാരികളോ ബലാത്സംഗികളോ ആക്കണമെന്നാഗ്രഹിക്കുന്നവര്‍ അവരെ ബിജെപിയിലേക്ക് പറഞ്ഞയച്ചാല്‍ മതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.
“മക്കളെ ഡോക്ടറോ എന്‍ജിനീയറോ അഭിഭാഷകനോ ആക്കണമെന്നുള്ളവര്‍ ഞങ്ങള്‍ക്കൊപ്പം വരൂ, അതേസമയം മക്കളെ ഗുണ്ടയോ കലാപകാരിയോ ബലാത്സംഗിയോ ആക്കണമെന്നുള്ളവര്‍ ബിജെപിയിലേക്ക് പോകൂ. അത്തരത്തിലുള്ള എല്ലാ സംഗതികളും ബിജെപിയിലുണ്ട്.
നിങ്ങളുടെ കുട്ടികള്‍ക്ക് അവര്‍ ഒരിക്കലും തൊഴിലവസരം ഉണ്ടാക്കിത്തരില്ല. കാരണം, അവരുടെ പാര്‍ട്ടിയ്ക്ക് തൊഴില്‍രഹിതരായ കുറേ ഗുണ്ടകളെയാണ് ആവശ്യം. കലാപമുണ്ടാക്കാന്‍ ബിജെപി നിങ്ങളുടെ മക്കള്‍ക്ക് പരിശീലനം നല്‍കിയശേഷം അവരെ രാജ്യത്തിന് പുറത്തേക്ക് പറഞ്ഞയയ്ക്കും”, കെജ് രിവാള്‍ പറഞ്ഞു.
2024-ല്‍ നടക്കാനിരിക്കുന്ന ഹരിയാണ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ച് കുരുക്ഷേത്രയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
ഹരിയാണയിലെ ബിജെപി സര്‍ക്കാരിനെ നിശിതമായി ആക്രമിച്ചു കൊണ്ടായിരിന്നു തുടക്കം. സര്‍ക്കാര്‍ സർവ്വീസിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതിനെ ചോദ്യം ചെയ്തു. ഒരു പരീക്ഷ പോലും ശരിയായരീതിയില്‍ നടത്താന്‍ കഴിയാത്ത മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എങ്ങനെ ഒരു സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് കെജ്‌രിവാള്‍ ചോദിച്ചു.
എന്നാൽ, വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടിയാണ് എഎപിയെന്നും കുറ്റംചെയ്യുന്നത് തന്റെ മകനാണെങ്കില്‍കൂടി തക്കതായ ശിക്ഷ പാര്‍ട്ടി നല്‍കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലും പഞ്ചാബിലും അഴിമതി തുടച്ചുനീക്കിയതുപോലെ ഹരിയാണയിലും എഎപി അഴിമതി ഇല്ലാതാക്കുമെന്ന് കെജ്‌രിവാള്‍ ഉറപ്പുനല്‍കി.
ഹരിയാണയിലെ സര്‍ക്കാര്‍ സ്‌കൂളുകളും അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ഹരിയാണയില്‍ ആരോഗ്യമേഖലയിലെ സേവനങ്ങളും വൈദ്യുതിവിതരണവും സൗജന്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഏതെങ്കിലും മത രാഷ്ട്രീയവുമായി സഖ്യത്തിലേര്‍പ്പെടുന്നതിനേക്കാള്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റാന്‍ ഇവിടത്തെ 130 കോടി ജനങ്ങളുമായി സഖ്യത്തിലേര്‍പ്പെടാനാണ് തനിക്ക് താത്പര്യമെന്നും കെജ് രിവാള്‍ റാലിയിൽ പ്രഖ്യാപിച്ചു.


