മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായതോടെ മിസോറാം മുഖ്യമന്ത്രി സോറംതംഗ ക്ഷമാപണം നടത്തി. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ചർമ്മ രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയ്ന്റ്മെന്റ് എടുക്കാത്തതിനാല്‍ മിലാരിയെ പരിശോധിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതയായാണ് മിലാരി ഡോക്ടറെ തല്ലിയത്.
ബുധനാഴ്ചയായിരുന്നു സംഭവം. പരിശോധനയ്ക്ക് മുന്‍പ് അപ്പോയ്ന്റ്മെന്റ് എടുക്കണമെന്ന് ക്ലിനിക്കിലെത്തിയ മിലാരിയോട് ഡോക്ടര്‍ ആവശ്യപ്പെടുകായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ സമീപത്തേക്ക് മിലാരി വേഗത്തില്‍ നടന്നെത്തി മുഖത്തടിച്ചു.
ഇതോടെ സമീപത്തുണ്ടായിരുന്നവര്‍ മിലാരി പിടിച്ചു മാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ വന്‍തോതിലാണ് പ്രചരിച്ചത്. വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിയും കുടുംബവും സാമൂഹികമാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മിസോറാം യൂണിറ്റിലുള്ള ഡോക്ടര്‍മാര്‍ ശനിയാഴ്ച പ്രതിഷേധസൂചകമായി കറുത്ത ബാഡ്ജണിഞ്ഞാണ് ശനിയാഴ്ച ജോലിക്കെത്തിയത്.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചത്. ഡോക്ടറുടെ നേര്‍ക്കുള്ള മകളുടെ മര്യാദരഹിതമായ പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായും മകളുടെ പെരുമാറ്റം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും സ്വന്തം കയ്യക്ഷരത്തിലെഴുതിയ കുറിപ്പ് അദ്ദേഹം ട്വീറ്ററില്‍ പങ്കുവെച്ചു.