ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കനത്ത മഴയെ തുടര്‍ന്നാണ് ഇതെന്നാണ് വിവരം. മോശം കാലാവസ്ഥയിൽ ഹെലിക്കോപ്റ്റര്‍ കുലുങ്ങിയിരുന്നു. ലാന്‍ഡിങ്ങിനിടെ ആഘാധത്തിൽ നിസാരമായി പരിക്കേറ്റ മമത പ്രാഥമിക ചികിത്സ നേടിയതിന് ശേഷം ആശുപത്രി വിട്ടു. മമതയുടെ ഇടുപ്പിനും കാല്‍മുട്ടിനും പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ്ബോസ് മമതയെ വിളിച്ച് ആരോഗ്യനില അന്വേഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ജയ്പാല്ഗുരിയില് നിന്ന് ബാഗ്ദോഗ്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി. ഹെലിക്കോപിറ്റര് നിലത്തിറക്കിയതോടെ റോഡ് മാര്‍ഗം വിമാനത്താവളത്തിലേക്കുള്ള യാത്ര തുടര്‍ന്ന മമത പിന്നീട് കൊല്‍ക്കത്തയിലേക്ക് തിരിച്ചു. ജൂലായ് എട്ടിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കന്‍ ജില്ലകളിലെ പ്രചാരണം പൂർത്തിയാക്കി മടങ്ങുകയായിരുന്നു അവര്‍.


