നടൻ വിജയ് ബാബുവിനെതിരെ അഭിനയിക്കാനെത്തിയ യുവതി
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗകേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഫെയ്സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തു.
ഈ കേസില്‍ ഇര താന്‍ ആണെന്നായിരുന്നു വിജയ് ബാബുവിന്റെ ലൈവിലെ വിശദീകരണം
ഒരു സിനിമാനടിയാണ് പരാതിക്കാരി. ഈ മാസം 22 നാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേസില്‍ വിജയ് ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അയാൾ നടനല്ല രാക്ഷസൻ, ലൈംഗികത നിഷേധിച്ചതിന് കഫം തുപ്പി- നടി
വിജയ് ബാബുവിനെതിരേ നല്കിയ ലൈംഗിക പീഡന പരാതിയില്‍ വിശദീകരണവുമായി ഇരയായ നടി . ചലച്ചിത്രമേഖലയില്‍ വിജയ് ബാബുവിനുള്ള സ്വാധീനം ഉപയോഗിച്ച് ചൂഷണം ചെയ്തു. ലൈംഗിക ബന്ധത്തിന് ഒരു ദിവസം സമ്മതിക്കാതിരുന്നപ്പോള്‍ ബലമായി ചവിട്ടുകയും മുഖത്ത് കഫം തുപ്പുകയും ചെയ്തുവെന്നും ഇവര്‍ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇവര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. വിജയ് ബാബു നിര്‍മിച്ച ഒരു ചിത്രത്തിലെ അഭിനേത്രിയാണ് ഈ യുവതി.
കുറിപ്പിന്റെ പൂര്‍ണരൂപം
ചലച്ചിത്രമേഖലയില്‍ അയാള്‍ക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാന്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാന്‍ ആര്‍ത്തവത്തിലായിരുന്നപ്പോള്‍ അയാള്‍ എന്റെ വയറ്റില്‍ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിര്‍ബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാന്‍. എന്നാല്‍ ഇന്ന് ഞാന്‍ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാള്‍ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു
സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാന്‍ പേടിച്ച് , ഭയത്തോടെ ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവന് അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അവര്‍ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം.
ഇനി ഞാന്‍ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാന്‍ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഞാന്‍ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.
ജീവിതത്തില്‍, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാന്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.


