മാങ്കുളം വലിയ പാറകുട്ടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്കൂൾ സംഘത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ തുറവൂര്‍ കൂരാന് വീട്ടില്‍ റിചാര്‍ഡ്, അര്ജുന്, അയ്യമ്പുഴ കട്ടിങ് കോളാട്ടുകുടി വീട്ടില്‍ ജോബിയുടെ മകന് ജോയല്‍ എന്നിവരാണ് മരിച്ചത്. സ്കൂളില്‍ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ 30 അംഗ സംഘത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് .
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മുപ്പതോളം വിദ്യാര്‍ഥികളും രണ്ടധ്യാപകരും ഉള്‍പ്പെടെയുള്ള സംഘമായിരുന്നു മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയത്. പുഴയില്‍ കുളിക്കുന്നതിനും മറ്റുമായി വല്യപാറക്കുട്ടിയില്‍ എത്തുകയും നല്ലതണ്ണി പുഴയില്‍ ഇറങ്ങുകയും ചെയ്തു. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിപ്പോകുകയായിരുന്നു.
തുടര്‍ന്നിവരെ കരക്കെത്തിച്ച് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരു മാസത്തിനിടെ അഞ്ചു പേർ ഇവിടെ സമാനമായ അപകടത്തിൽ മരിച്ചു.


