മൊബൈൽ ഫോണ്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയ മാര്‍ട്ടിന്‍ കൂപ്പർ പറയുന്നു ‘ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്’
ബിബിസിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് 93 കാരനായ കൂപ്പര്‍ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ദിവസവും ലഭിക്കുന്ന സമയത്തിൽ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്ന് അദ്ദേഹം പറയുന്നു.
അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് ജീവിതത്തെ കൂട്ടിപിടിക്കാൻ നിർദ്ദേശം നൽകിയത്.
‘ നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കാറുണ്ടോ? എങ്കിൽ ഇനി ജീവിതം സ്വന്തമാക്കൂ എന്ന് ഞാന്‍ പറയും’ എന്നായിരുന്നു പ്രതികരണം.
ഫോണുകളില്‍ അധികസമയം ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് ആളുകള്‍ ശരാശരി ഒരു ദിവസം 4.8 മണിക്കൂര്‍ നേരം അവരുടെ ഫോണില്‍ ചെലവഴിക്കുന്നുണ്ട്.
ഈ കണക്കിനാണെങ്കില്‍ ഒരാഴ്ച 33.6 മണിക്കൂറും മാസം 144 മണിക്കൂറും ആവും. അതായത് ഒരുമാസം ആറ് ദിവസം ആളുകള്‍ ഫോണില്‍ ചെലവഴിക്കുന്നു.
വയർലെസ് കമ്യൂണിക്കേഷൻ രംഗത്തെ പൂർവ്വഗാമിയായാണ് മാർട്ടിൻ കൂപ്പറെ പരിഗണിക്കുന്നത്. മൊബൈൽ ഫോണിൻ്റെ അവതാരകനാണ്. 11 പാറ്റൻ്റുകൾ ഈ രംഗത്ത് ഇദ്ദേഹത്തിൻ്റെതായുണ്ട്.


