മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതിന് എതിരെ നടപടിയെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതേത്തുടർന്ന് പരാതിക്കാരനായ ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യദ് വസീം റിസ്വി ഹർജി പിൻവലിച്ചു.
മുസ്ലിം ലീഗ്, ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്നിങ്ങിനെ രണ്ട് രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി.
മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന ഈ രാഷ്ട്രീയപ്പാർട്ടികൾക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
കേസിനിടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ വിലക്കണമെന്ന ഹർജിയിൽ ബിജെപിയെ കക്ഷിചേർക്കണമെന്ന് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ ചിഹ്നമായ താമര മതചിഹ്നമായതിനാൽ കക്ഷി ചേർക്കണമെന്നാണ് ആവശ്യപ്പെട്ടത്.
സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് മുസ്ലിം ലീഗിന് വേണ്ടി ഹാജരായത്.
ഉത്തർപ്രദേശ് ശിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്വിയാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി നൽകിയത്. മതവുമായി ബന്ധപ്പെട്ട പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിലവിൽ രണ്ട് കക്ഷികളെ മാത്രമാണ് കേസിൽ കക്ഷി ചേർത്തിട്ടുളളത്. മുസ്ലിം ലീഗ്, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്നീ രണ്ട് പാർട്ടികളെ മാത്രമാണ് റിസ്വി കേസിൽ കക്ഷി ചേർത്തത്. എന്നാൽ ഇത്തരത്തിലുളള എല്ലാ പാർട്ടികളെയും കേസിൽ കക്ഷി ചേർക്കണമെന്ന് റിസ്വിയോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു.


