പശുരാഷ്ട്രീയത്തിന് പുതിയ മുഖം നൽകി മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമം (1960) പുനഃപരിശോധിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതിൻ്റെ ഭാഗമായി 61 ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൃഗങ്ങളോട് ക്രൂരതകാണിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവും ശിക്ഷ വിധിക്കാവുന്ന നിയമമാണ് ഒരുങ്ങുന്നത്.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം (ഭേദഗതി) ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരമന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബില്‍ പരസ്യമാക്കി, ഡിസംബര്‍ ഏഴുവരെ പൊതുജനാഭിപ്രായം തേടും.
ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കും. ക്രൂരതയെ ‘ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി’ എന്നാണ് നിര്‍വചിക്കുന്നത്.
ഏറ്റവുംകുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷലഭിക്കും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് കരട് നിര്‍ദേശത്തില്‍ വിശദമാക്കുന്നു.


