മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ രണ്ടാംപ്രതി. ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുധാകരനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം. കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.
ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മോന്‍സണ്‍ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് മുതൽ നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. സി.ആര്‍.പി.സി. 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
കേസ് വിവാദമായതിന് പിന്നാലെ മോന്‍സന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബർ 22 ന് മോന്‍സന്‍റെ കലൂരുലുള്ള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല.


