യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര പരിഹാരം കാണുമെന്ന് പ്രസിഡൻ്റ് വ്ലാദിമിര്‍ പുടിൻ. അധികം വൈകാതെ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.
എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും വിധത്തിലുള്ള നയതന്ത്ര കൂടിയാലോചനകള്‍ക്കൊടുവിലാണ് അവസാനിച്ചിട്ടുള്ളത്. അതിന് ഏതെങ്കിലും കക്ഷികള്‍ ഇരുന്ന് ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറാവണം. അതിന് നമ്മുടെ എതിരാളികള്‍ എത്രവേഗം തയ്യാറാവുന്നുവോ അത്രയും നല്ലത്. പുതിന് പറഞ്ഞു.
അമേരിക്ക മധ്യസ്ഥത്തിന് തയാറാവുമോ
യുക്രൈന് പ്രസിഡന്റ് സെലന്‍സികി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് ബൈഡന് സെലന്‍സ്കിയ്ക്ക് ഉറപ്പുനല്‍കി. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിന്റെ പ്രസ്താവന.
അതേസമയം കൂടിയാലോചന നടത്തുന്ന കാര്യം ഗൗരവത്തോടെയാണോ റഷ്യ കാണുന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. ഗൗരവത്തോടെയാണെങ്കില്‍ തുറന്ന ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നത് യുക്രൈന് ആണ് എന്ന മറുവാദമാണ് പുതിന് ഉന്നയിക്കുന്നത്. പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളിലുമുള്ള ആക്രമണം തുടരുന്നത് റഷ്യ നിര്‍ത്തണം എന്നാണ് യുക്രൈന്റെ ആവശ്യം.


