ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അസംഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. 2019-ല്‍ നടത്തി പ്രസംഗത്തിൻ്റെ പേരിലാണ് യുപിയിലെ രാംപുര്‍ കോടതി ശിക്ഷ വിധിച്ചത്. 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. അതുവരെ അദ്ദേഹത്തിന് ജാമ്യത്തില്‍ കഴിയാമെന്നും കോടതി വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അന്നത്തെ രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഞ്ജനേയ കുമാര്‍ സിങ്ങിനുമെതിരെ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന കേസിൽ 2019 ഏപ്രിലിലാണ് അസംഖാനെതിരെ കേസെടുത്തത്.
രാംപുര്‍ എംഎല്‍എയായ അസംഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തില്‍ നിയമസഭാ അംഗത്വവും നഷ്ടപ്പെട്ടേക്കും. എന്നാല്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും അവസാനിക്കുന്നത് വരെ അദ്ദേഹത്തിന് എംഎല്‍എ ആയി തുടരാം.


