കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ട് മണിക്ക് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കളക്ടറുടെ പോസ്റ്റുകള്‍ പ്രതിഷേധത്തിൽ മൂടി. വൈകിയെത്തിയ അവധി പ്രഖ്യാപനവും പ്രതിഷേധത്തെ തുടര്‍ന്നുള്ള തിരുത്തലും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയുമാണ് മുളമുനയിലാക്കി.
രാവിലെ എട്ടരയോടെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് കളക്ടറുടെ ആദ്യ അറിയിപ്പ് എത്തിയത്. ഫേസ്ബുക്കിലായിരുന്നു ഇത്. എന്നാല്‍, നേരത്തേ ക്ലാസ്സ് തുടങ്ങുന്ന സ്കൂളുകളിലെ കുട്ടികള്‍ ഈ സമയത്ത് ക്ലാസ്സില്‍ എത്തിയിരുന്നു. മിക്കവാറും സ്കൂളുകളിലെ ബസ്സുകളും കുട്ടികളെ കൊണ്ടുവരാനായി പുറപ്പെടുകയും ചെയ്തു.
തൊഴൽ ചെയ്യുന്ന ദമ്പതിമാരെല്ലാം കുട്ടികളെ പറഞ്ഞയച്ച് ജോലിക്ക് പോവുകയും ചെയ്തു. ഇതൊന്നും മനസിലാക്കാതെ കളക്ടറുടെ പോസ്റ്റ് മഴയെക്കാൾ ദുരിതം വിതച്ചു.
കുട്ടികളെ എങ്ങനെ തിരികെ കൊണ്ടുവരുമെന്ന കാര്യത്തില്‍ രക്ഷിതാക്കളും സ്വകാര്യവാഹനങ്ങളില്‍ ഉള്‍പ്പെടെ വരുന്ന കുട്ടികളെ തിരിച്ചെത്തിക്കാന്‍ എന്തുചെയ്യുമെന്നറിയാതെ അധ്യാപകരും അങ്കലാപ്പിലായി. നഗരത്തിലും പരിസരത്തും മാതാപിതാക്കള്‍ രണ്ടുപേരും ജോലിയ്ക്ക് പോയിക്കഴിഞ്ഞ വീടുകളും ഫ്ളാറ്റുകളും നിരവധിയാണ്.
അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റിനടിയിലും പ്രതിഷേധ കമന്റുകള്‍ നിറഞ്ഞു. തലേന്നു തന്നെ അവധി പ്രഖ്യാപിക്കാനായില്ലെങ്കിലും രാവിലെ അല്പം നേരത്തേ പ്രഖ്യാപിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന രീതിയിലും പരാതിയുണ്ടായി. ചുമതലയെടുത്ത ഉടനെയാണ് കളക്ടർ ഉത്തരവിലൂടെ വിവാദത്തിലായത്
പ്രതിഷേധം മുറുകിയതോടെ അര മണിക്കൂറിനു ശേഷം പ്രഖ്യാപനം തിരുത്തിക്കൊണ്ട് കളക്ടറുടെ അടുത്ത പോസ്റ്റ് എത്തി -രാത്രി ആരംഭിച്ച മഴ നിലയ്ക്കാത്തതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്നും വിശദമാക്കി. എന്നാല്‍ ഇത് ആശയക്കുഴപ്പം വർധിപ്പിച്ചു. സ്കൂളില്‍നിന്ന് ഇതിനകം തന്നെ കുട്ടികളെ വിളിച്ചുകൊണ്ടുവന്നവരും വിളിക്കാന്‍ പുറപ്പെട്ടവരുമെല്ലാം കമന്റുകളുമായെത്തി.


