ജീവിതത്തിന്റെ അവസാന നാളുകളിലാണ് താനുള്ളതെന്നും കോണ്‍ഗ്രസുകാരാനായിട്ടായിരിക്കും മരിക്കുകയെന്നും എ കെ ആൻ്റണി. മകൻ അനിൽ ആൻ്റണി ബി ജെ പിയിൽ അംഗത്വം എടുത്തതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലാണ് പ്രതികരണം.
കെപിസിസി ആസ്ഥാനത്താണ് എ.കെ.ആന്റണി മാധ്യമങ്ങളോട് സംസാരിച്ചത്. മകന്റെ ബിജെപി പ്രവേശനത്തില്‍ നിലപാട് വിശദീകരിച്ച ആന്റണി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ മടങ്ങി.
ആൻ്റണിയുടെ വാക്കുകൾ …..
“ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം വളരെ വേദനയുണ്ടാക്കി. തികച്ചും തെറ്റായ ഒരു തീരുമാനമായി. ഇന്ത്യാ രാജ്യത്തിൻ്റെ ഐക്യവും അതിൻ്റെ ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്.
2014- മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി രാജ്യം പ്രാണവായുപോലെ കാത്തുസൂക്ഷിച്ച നമ്മുടെ അടിസ്ഥാന മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് നടത്തുന്നത്. 2019-ന് ശേഷം നാനാതത്വത്തില്‍ ഏകത്വം എന്നതിന് പകരം ഏകത്വത്തിലേക്കാണ് പോയികൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ ഐക്യം ദുര്‍ബലമായി. മത-സാമുദായിക സൗഹാര്‍ദം തര്‍ന്നുകൊണ്ടിരിക്കുന്നു. എന്നെ സംബന്ധിച്ച് അവസാന ശ്വാസം വരെ ബിജെപിയുടേയും ആര്‍എസ്എസിൻ്റെയും വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തും. അക്കാര്യത്തില്‍ ഒരു സംശയവുംവേണ്ട.
എല്ലാ ഇന്ത്യക്കാരേയും വേര്‍തിരിവില്ലാതെ കണ്ട ഒരു കുടുംബമാണ് നെഹ്റുകുടുംബം. ഇന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വേട്ടയാടലുകള്‍ക്കിടയിലും നിര്‍ഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങള്‍. ഒരു ഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുമായി ഞാന്‍ അകന്നുപോയി. വീണ്ടും അവരോട് യോജിച്ചതിന് ശേഷം ആ കുടുംബവുമായി മുമ്പില്ലാത്ത വിധത്തില്‍ അടുപ്പമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ എൻ്റെ കൂറ് എല്ലാ കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും.
എൻ്റെ ജീവിതത്തിന്റെ അവസാന നാളുകളിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. എനിക്ക് വയസ് 82 ആയി. എത്രനാള്‍ ഇനി ജീവിക്കും എന്നതറിയില്ല. ദീര്ഘായുസ്സില് എനിക്ക് താത്പര്യവുമില്ല. എത്രനാള്‍ ജീവിച്ചാലും മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്ത്തകന് ആയിട്ടായിരിക്കും.ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യത്തോരങ്ങള്‍ക്കും ഒരിക്കല്‍ പോലും ഞാന്‍ തയ്യാറാകില്ല. ഇത് സംബന്ധിച്ച് എന്റെ ആദ്യത്തേയും അവസാനത്തേയും പ്രതികരണമാണ്”
ആൻ്റണി പറഞ്ഞു നിർത്തി


