കേന്ദ്ര സംസ്ഥാന സർക്കാരുകൾ നോക്കി നിൽക്കെ കലാപം തുടരുന്ന മണിപ്പുരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിനെത്തും. ജൂണ്‍ 29, 30 ദിവസങ്ങളിലാണ് രാഹുല്‍ മണിപ്പുര്‍ സന്ദര്‍ശിക്കുക. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലായവരെ രാഹുല്‍ സന്ദര്‍ശിക്കും.
ഇംഫാലിലേയും ചുരാചന്ദ്പുരിലേയും പൗരസമൂഹ പ്രതിനിധികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
‘രണ്ട് മാസത്തോളമായി മണിപ്പുര്‍ കത്തുകയാണ്. അവിടുത്തെ സമൂഹത്തിന് സംഘട്ടനത്തില്‍ നിന്ന് സമാധാനത്തിലേക്ക് നീങ്ങാന്‍ കഴിയുന്ന ഒരു രോഗശാന്തി സ്പര്‍ശം അത്യന്തം ആവശ്യമാണ്. ഇതൊരു മാനുഷിക ദുരന്തമാണ്. വെറുപ്പ് പടര്‍ത്തുകയല്ല, സ്നേഹം പകരുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം’ – കെ.സി.വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
സമാധാനം തിരികെ കൊണ്ടുവരാന്‍ സ്നേഹസ്പര്‍ശം ആവശ്യമാണെന്ന് രാഹുലിന്റെ സന്ദര്‍ശനത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചു.
ഭൂരിപക്ഷ വിഭാഗമായ മെയ്ത്തേകൾക്ക് ആദിവാസി ഗോത്ര സംരക്ഷണ പ്രകാരമുള്ള എസ് ടി സംവരണ പദവി നൽകാനുള്ള സർക്കാർ നീക്കമാണ് കലാപത്തിലേക്ക് നയിച്ചത്.


