ഡോളറുമായുള്ള വിനിമയമൂല്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. തുടർച്ചയായ മൂന്നാംദിവസമാണ് രൂപ റെക്കോഡ് തകർച്ച നേരിടുന്നത്. ചരത്രത്തിൽ ഇത്രയും മൂല്യ തകർച്ച ഇന്ത്യൻ രൂപ നേരിട്ടിട്ടില്ല. ഒമ്പതുമാസത്തിനുള്ളിൽ 9.64 ശതമാനത്തോളമാണ് മൂല്യത്തകർച്ച.
വെള്ളിയാഴ്ച 35 പൈസ നഷ്ടത്തിൽ 81.23 എന്ന റെക്കോഡ് നിലവാരത്തിലേക്ക് താഴ്ന്ന രൂപ, തിങ്കളാഴ്ച 48 പൈസ നഷ്ടത്തിൽ 81.47ലാണ് വ്യാപാരം തുടങ്ങിയത്. ദിനവ്യാപാരവേളയിൽ നഷ്ടം 53 പൈസയായി ഉയർന്നു.ഡോളറിനെതിരെ മൂല്യം 81.52ലെത്തി. മുൻദിവസത്തെ അവസാന നിരക്കായ 80.99ൽനിന്ന് 70 പൈസ നഷ്ടത്തിൽ 81.69ൽ വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായി മൂന്നാംതവണയും പലിശനിരക്ക് ഉയർത്തുകയും വീണ്ടും നിരക്ക് ഉയർത്തിയേക്കുമെന്ന സൂചന നൽകുകയും ചെയ്തതോടെ ഡോളർ ശക്തിപ്പെടുകയാണ്.
റഷ്യ–-ഉക്രയ്ൻ സംഘർഷം പുതിയ തലത്തിലേക്ക് കടന്നതും ആഭ്യന്തര ഓഹരിവിപണിയിലെ പ്രതികൂലസാഹചര്യവും മറ്റ് കാരണങ്ങൾ. വർഷാദ്യത്തിൽ ഡോളറിന് 74.51 രൂപയായിരുന്നു.


