Friday, February 20, 2026

റാപ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചു

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ വെടിവെച്ച് കൊന്നു. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. സിദ്ദുവും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സിദ്ദു പിന്നീട് മരണത്തിന് കീഴടങ്ങി.

അടുത്തിടെ മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അന്ന് സിദ്ദു മൂസെവാല എ.എ.പിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോൽക്കുകയായിരുന്നു.

തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസെവാലക്കെതിരെ പരാതികൾ ഉണ്ടായിരുന്നു.

ആരാണ് സിദ്ദു മൂസെവാല

നിരവധി ഹിറ്റ് പഞ്ചാബി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സിദ്ദു. 29 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുവെങ്കിലും ചുരുങ്ങിയ കാലയളവില്‍ തന്നെ സംഗീതമേഖലയിലും അഭിനയരംഗത്തും രാഷ്ട്രീയത്തിലും കത്തി തെളിഞ്ഞു.

2017-ല്‍ പുറത്തിറങ്ങിയ ‘സോ ഹൈ’ എന്ന ആല്‍ബത്തിലൂടെയാണ് സിദ്ദു ശ്രദ്ധ നേടിയത്. ആല്‍ബങ്ങളെ ജനപ്രിയതയുടെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന ബില്‍ബോര്‍ഡ് കനേഡിയന്‍ ആല്‍ബം ലിസ്റ്റില്‍ 2018-ല്‍ സിദ്ദുവിന്റെ സംഗീതവും ഇടം നേടിയിരുന്നു. ശുഭ്ദീപ് സിങ്ങ് സിദ്ദു എന്നാണ് യഥാര്‍ഥ പേര്. പഞ്ചാബിലെ മാന്‍സ ജില്ലയാണ് സ്വദേശം. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സിദ്ദുവിന്റെ ഉപരിപഠനം കാനഡയിലായിരുന്നു.

ലെജണ്ട്, ഡെവിള്‍, ജസ്റ്റ് ലിസണ്‍, ടിബെയാന്‍ ദാ പുട്ട്, ജട്ട് ദ മുക്കാബല, ബ്രൗണ്‍ ബോയ്‌സ്, ഹാത്യാര്‍ തുടങ്ങിയവയാണ് സിദ്ദുവിന്റെ പ്രധാനപ്പെട്ട ഹിറ്റ് സംഗീത ആല്‍ബങ്ങള്‍. ‘സോ ഹൈ’ ആല്‍ബത്തിന്റെ ജനപ്രിയതയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. 481 മില്ല്യണ്‍ ആണ് യൂട്യൂബില്‍ ‘സോ ഹൈ’ ആല്‍ബത്തിന്റെ കാഴ്ചക്കാരുടെ എണ്ണം. പഞ്ചാബി ചിത്രങ്ങളായ മൂസ ജട്ട്, യെസ് ഐ ആം സ്റ്റുഡന്റ് എന്നിവയിലാണ് സിദ്ദു അഭിനയിച്ചത്.

യൂട്യൂബില്‍ മാത്രം ഒരു കോടിക്കടുത്താണ് സിദ്ദുവിന്റെ സബ്‌സ്‌ക്രൈബേര്‍സിന്റെ എണ്ണം. ഇന്‍സ്റ്റഗ്രാമില്‍ ഇത് 70 ലക്ഷത്തിനടുത്താണ്. ആല്‍ബത്തിലെ ഉള്ളടക്കം പതിവായി വിമര്‍ശിക്കപ്പെട്ടിരുന്നു. ആക്രമണത്തേയും തോക്കുകളുടെ ഉപയോഗത്തേയും ലഹരിമരുന്ന് ഉപയോഗത്തേയും പ്രോത്സാഹിപ്പിക്കുന്നതാണ് സിദ്ദുവിന്റെ ആല്‍ബങ്ങള്‍ എന്നായിരുന്നു പ്രധാന വിമര്‍ശനം.

സംഗീതത്തിലെന്നപോലെ വിവാദങ്ങളിലും താരമായിരുന്നു സിദ്ദു. കോവിഡ് കാലത്ത് ഫയറിങ് റേഞ്ചില്‍ എ.കെ 47 ഉപയോഗിച്ച് പരിശീലനം നടത്തുന്ന സിദ്ദുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ സിദ്ദുവിനെതിരേ പോലീസ് കേസ് ഫയല്‍ ചെയ്തു. ‘തോക്ക് സംസ്‌കാരം’ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് 2020-ല്‍ അമരീന്ദര്‍ സര്‍ക്കാര്‍ സിദ്ദുവിനെതിരേ ‘ആംസ് ആക്ട്‌സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ‘പഞ്ച് ഗോലിയാന്‍’ എന്ന ആല്‍ബം പുറത്തിറങ്ങിയ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നടപടി.

18-ാം നൂറ്റാണ്ടിലെ സിഖ് യോദ്ധാവായിരുന്ന മായി ഭാഗോയുടെ പേര് സംഗീത ആല്‍ബത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന ആരോപണവും സിദ്ദുവിനെതിരേ ഉയര്‍ന്നിരുന്നു. സിഖുകാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും വ്യാപക ആവശ്യം ഉയര്‍ന്നു. വിവാദം ശക്തമായതിനെ തുടര്‍ന്ന് സിദ്ദു പിന്നീട് ക്ഷമാപണം നടത്തി.

പഞ്ചാബ് തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നവംബറിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യുവജനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന അന്താരാഷ്ട്ര വ്യക്തിത്വമാണ് സിദ്ദു എന്നാണ് സിദ്ദുവിനെ സ്വാഗതം ചെയ്തുകൊണ്ട് അന്നത്തെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ്ങ് സിദ്ദു, മൂസേ വാലയെക്കുറിച്ച് പറഞ്ഞത്.

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധത്തിലും സിദ്ദു പങ്കെടുത്തിട്ടുണ്ട്. ഇത് വലിയ വാർത്താ പ്രാധാന്യം നേടി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...