കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പെടെ രാഷ്ട്രീയത്തിൽ പുരുഷാധിപത്യം ഇപ്പോഴും ശക്തമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. റാലികളില്‍ സ്ത്രീകളെ ഏറെ കാണാമെങ്കിലും കമ്മിറ്റികളില്‍ എണ്ണം കുറവാണ്. തുല്യ പങ്കാളിത്തം ഉറപ്പാക്കും വരെ ഈ വിഷയത്തില്‍ പോരാട്ടം തുടരണമെന്നും അവർ ആവശ്യപ്പെട്ടു.
സ്ത്രീകള്‍, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ കോഴിക്കോട് ദയാപുരം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണത്തിന് എത്തിയതായിരുന്നു അവർ.
ചടങ്ങിന് ശേഷം ഈ വിഷയത്തില്‍ കൂടുതൽ പ്രതികരണത്തിന് അവർ തയാറായി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷാധിപത്യം തുടരുന്നുണ്ട്. ഈ രീതിയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴും സിപിഎമ്മില്‍ വനിതകളുടെ അംഗസംഖ്യ 18-20 ശതമാനം വരെ മാത്രമാണ്. റാലിയില്‍ കാണുന്ന പങ്കാളിത്തം കമ്മിറ്റികളില്‍ കാണുന്നില്ലെന്നും അവര്‍ തുറന്ന് പറഞ്ഞു.
എല്ലാ കമ്മിറ്റികളിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ബ്രാഞ്ച് സെക്രട്ടറി തലത്തിലും ലോക്കല്‍ സെക്രട്ടറി തലത്തിലും നിരവധി വനിതകളെത്തി. എങ്കിലും ഏറെ മാറ്റങ്ങള്‍ ഇനിയും ആവശ്യമാണ്. ഒരു നടിയാകാന്‍ ആഗ്രഹിച്ചിരുന്നതാണ്. തന്നെ വിയറ്റ്നാം യുദ്ധവും ലണ്ടന്‍ ജീവിതവുമാണ് മാറ്റിയത്. ഇത് എങ്ങനെയാണ് എന്ന് വിദ്യാര്‍ത്ഥികളുമായുളള ചര്‍ച്ചയ്ക്കിടെ ബൃന്ദ വിശദീകരിച്ചു.


