വഖഫ് നിയമനം പി എസ് സിക്ക് വിടാനുള്ള നിയമ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി സർക്കർ. ബദൽ സംവിധാനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗിനെ മറികടന്ന് സമുദായ നേതാക്കൾക്ക് നൽകിയ ഉറപ്പാണ് പ്രവർത്തികമാവുന്നത്. സി പി എം രാഷ്ട്രീയ തന്ത്രത്തിലെ പുതുചുവടായി ഇത് വിലയിരുത്തപ്പെടുന്നു
പി.കെ.കുഞ്ഞാലിക്കുട്ടി നിമസഭയില്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി ആയിട്ടാണ് വഖഫ് ബോര്‍ഡ് പിഎസ് സിക്ക് വിടാനുള്ള നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.
കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച പ്രമേയം
‘കേരളത്തില്‍ ഏറെ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ ഇടയാക്കിയ ഒരു വിഷയമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കേവലം നൂറ് നൂറ്റമ്പത് ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുന്ന വഖഫ്‌ബോര്‍ഡിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ പിഎസ്‌സിക്ക് വിടുകയുണ്ടായി. ഇത് ഒരു തരത്തിലും ആവശ്യമില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന ഒരു പക്ഷപാതരാഷ്ട്രീയത്തിന്റെ ഗണത്തില്‍പ്പെടുന്നതാണ് ഇതും. ഇത്രയും ചെറിയൊരു ബോര്‍ഡിന്റെ നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ട നടപടി ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അവിടെ ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് മുടങ്ങിയിരിക്കുകയാണ്. തീരുമാനങ്ങള്‍ വൈകുന്നു. പക്ഷപാതപരമായ സമീപനമാണ് സര്‍ക്കാരിന്റെ നടപടി. ഇക്കാര്യത്തില്‍ പുനഃപരിശോധന ആവശ്യമാണ്.
പ്രമേയത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി
‘കേന്ദ്ര സര്‍ക്കാറിന്റെ നടപടിയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയും താരതമ്യപ്പെടുത്താനാകില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തന്നെ അറിയാം. വഖഫ് ബോര്‍ഡിലെ നിയമനം പിഎസ് സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. ഈ സഭയില്‍ തന്നെ അതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തതാണ്.
നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് ആ തൊഴില്‍ നഷ്ടപ്പെട്ടുപോകുമെന്നായിരുന്നു അന്ന് ലീഗ് ഉന്നയിച്ച ഏക പ്രശ്‌നം. അവിടെ തുടരുന്ന താത്കാല ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പ് അന്ന് നല്‍കി. അതിന് ശേഷമാണ് നിയമസഭ പാസാക്കിയത്. അത് കഴിഞ്ഞ് കുറച്ച് കാലം പിന്നിട്ട ശേഷമാണ് ഇതൊരു പ്രശ്‌നമായി ലീഗ് ഉന്നയിക്കുന്നത്.
2016-ലാണ് വഖഫ് ബോര്‍ഡിന്റെ യോഗം ഒഴിവ് വരുന്ന നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പുറപ്പെടുവിട്ട ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധന്ക്കായി സബ്ജക്ട് കമ്മിറ്റി വിട്ടപ്പോഴോ നിയമസഭയിലെ ചര്‍ച്ചയിലോ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതിലോ ആരും എതിര്‍പ്പറയിച്ചിരുന്നില്ല എന്നതാണ് വസ്തുത.
നിയമനിര്‍മാണത്തെ തുടര്‍ന്ന് മുസ്ലിംസമുദായ സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് മുസ്ലിംസംഘടനാ പ്രതിനിധകളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് അന്നു തന്നെ വ്യക്തമാക്കിയതാണ്. പങ്കെടുത്ത എല്ലാ സംഘടനകളും സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പറിയിച്ചു. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ് സിയിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു തുടര്‍ നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. തുടര്‍ന്ന് നിയമഭേദഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കാനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരും.
ലീഗിൻ്റെ നഷ്ടക്കച്ചവടം
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും സംഘടനാ പ്രശ്‌നങ്ങളുമായി മുസ്ലിം ലീഗ് രാഷ്ട്രീയ പ്രശ്നങ്ങളിലായിരിക്കുമ്പോഴാണ് വഖഫ് നിയമന വിവാദം. പാർട്ടിക്ക് ഉണർവ്വും മറ്റ് വിഷയങ്ങളിൽ നിന്നുള്ള വിടുതിയുമായി ഇത് അവസരമാക്കി.
മുസ്ലിംസമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് പലതവണ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. വഖഫ് വിഷയത്തില്‍ ലീഗിനെ ഒരു തരത്തിലും പരിഗണിക്കാതെയായിരുന്നു ശേഷമുള്ള ചര്‍ച്ചകൾ മുഴുവനും നടത്തിയതും.
വിഷയം ചര്‍ച്ചയാക്കുകയും സമരം നടത്തുകയും ചെയ്തതിന് തുടച്ചയായി സര്‍ക്കാര്‍ വഴങ്ങി എന്ന് ലീഗിന് ആശ്വസിക്കാം. എന്നാല്‍ ഉൾപ്പാർട്ടി ഘടനയിൽ ഇത് വിള്ളൽ വീഴ്ത്തുന്നുണ്ട്. ലീഗിന്റെ ആവശ്യമല്ല മറിച്ച് മുസ്ലിം സംഘടന പ്രതിനിധികള്‍ക്ക് കൊടുത്ത വാക്ക് പാലിച്ചാണ് വഖഫ് നിയമനം പിഎസ്.സി വിടാനുള്ള തീരുമാനം തിരുത്തുന്നതെന്ന് മുഖ്യമന്ത്രി കൃത്യമായി പറഞ്ഞു വെച്ചു. ലീഗിനെ അവഗണിച്ച് മുസ്ലിം സംഘടനകളുമായി നേരിട്ടുള്ള ബന്ധത്തിന്റെ പാലം പണിയുകയാണ് സിപിഎം. എം വി ആർ കാലഘട്ടത്തിലെ വിവാദ രേഖയുടെ കാലം കഴിഞ്ഞു. ലീഗീനെ വിട്ട് സമുദായ സംഘടനകളുടെ അടുപ്പത്തെ പാർട്ടി സ്വന്തമാക്കുകയാണ്.
വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടുന്നതിൽ നിന്നുള്ള പിന്‍മാറ്റം സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രമേയത്തോടെ കിട്ടിയ അവസരം മുഖ്യമന്ത്രി ഉപയോഗിച്ചു.
വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള ബില്ലിന്റെ ഒരു ഘട്ടത്തില്‍ പോലും മുസ്ലിംലീഗ് എതിര്‍പ്പറിയിച്ചില്ല. സമസത അടക്കമുള്ള സംഘടനകള്‍ നല്‍കിയ ആശങ്കള്‍ പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കൃത്യമായി പറഞ്ഞു.
പ്രക്ഷോഭങ്ങളും അടവും പാളി
വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വെള്ളിയാഴ്ച പള്ളികളിലെ പ്രാര്‍ഥനക്കിടയില്‍ ഉത്ബോധനം നടത്തുമെന്ന മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയാണ് ലീഗിനെ ആദ്യം പ്രശ്നത്തിലാക്കിയത് . പള്ളികള്‍ പ്രതിഷേധത്തിനുള്ള വേദിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞതോടെ ലീഗിന് ഈ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു.
നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സമസ്ത പ്രമേയം പാസാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഫ്രി തങ്ങളെ വിളിച്ചിരുന്നു. ഇക്കാര്യം പിന്നീട് അദ്ദേഹം പരസ്യമാക്കുകയും തങ്ങൾ സമ്മതിക്കയും ചെയ്തു. മുഖ്യമന്ത്രി മാന്യമായിട്ടാണ് പെരുമാറുന്നതെന്നും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
പിന്നീട് മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കള്‍ കാണുകയുണ്ടായി. നിയമനം പിഎസ് സിക്ക് വിടുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത് സമസ്തയുമായി കൂടിയാലോചിച്ച് മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തിറങ്ങിയ നേതാക്കള്‍ പറഞ്ഞത്.
പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി. കാത്തിരിക്കാം എന്ന മൂഡായിരുന്നു അവർക്ക്. പിണറായിയുടെ വാക്കിനുമേലുള്ള വിശ്വാസവും. രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ച ലീഗിന് ഇതുമൂലമുണ്ടായ വിവാദങ്ങള്‍ കുരുക്കു തീർത്തു.
പാളിയ പ്രതിഷേധങ്ങൾ
വഖഫ് വിഷയത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെല്ലാം ചോര്‍ത്തിക്കളഞ്ഞ് അബ്ദുറഹിമാന്‍ കല്ലായി വിവാദപ്രസ്താവന നടത്തി. ഖേദനപ്രകടനത്തിയാണ് ലീഗ് ഇതില്‍ നിന്ന് തലയൂരിയത്.
ബീഫ് വിവാദവും ആക്രമണങ്ങളും, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകളും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും സമുദായ സംഘടനകളുടെ സമീപനത്തെ സ്വാധീനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉറച്ച മതേതര നിലപാട് പരോക്ഷമായ ആത്മവിശ്വാസമായും അവരിലേക്ക് പകർന്നു. ഇതിനിടയിൽ ലീഗിന് റോൾ നഷ്ടമായി.
പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടില്‍ പരസ്യമായി അഭിനന്ദിച്ചുകൊണ്ട് സമസ്ത രംഗത്തെത്തി. ഇതിനെതിരെ പ്രതിഷേധിച്ച ലീഗിനോട് സമസ്ത ആരുടേയും ആലയിലല്ലെന്ന് നേതൃത്വം തുറന്നടിക്കുകയുമുണ്ടായി.
അണികളെ ഉത്തേജിപ്പിക്കാൻ ലഭിച്ച തുറുപ്പ്
എന്നാൽ വഖഫ് ബോർഡ് നിയന വിവാദം ഉറച്ച അണികളിലേക്ക് ഊർജ്ജം എത്തിക്കാനുള്ള ഉപാധിയായി ലീഗിന് അവസരം ലഭിച്ചു. തുടച്ചയായ ഭരണ നഷ്ടത്തിൽ എളുപ്പത്തിൽ നിർജ്ജീവത പടരുന്ന പാർട്ടി ഘടനയെ ഇത് ചലിപ്പിച്ചു എന്ന് ആശ്വസിക്കാം.


