വിവാഹിതരാവാൻ കാത്തിരുന്ന് മുരടിച്ച യുവാക്കൾ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധത്തിനിറങ്ങി. വധുവിനെ തേടുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയായ ‘ ബ്രൈഡ് ഗ്രൂം മോര്‍ച്ച’ യുടെ സോലാപൂർ ഘടകത്തിൻ്റെ മാർച്ച് സമൂഹം ഇതുവരെ കാണാത്ത പ്രക്ഷോഭമായി.
സ്ത്രീ-പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സംഘടന മഹാരാഷ്ട്രയില്‍ സമരം തുടങ്ങിയത്. അവിവാഹിതരായ ചെറുപ്പക്കാർ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയാണ് സോലാപൂരിൽ മാർച്ചിൽ പങ്കാളിയായത്. ഞങ്ങൾക്ക് പെണ്ണിനെ കണ്ടെത്തി തരൂ ഇല്ലെങ്കിൽ ഈ പ്രതിസന്ധി ഗൌരവമായി കണ്ട് പരിഹാരം തേടൂ എന്നായിരുന്നു ആവശ്യം.
മാര്‍ച്ചില്‍ പങ്കെടുത്ത അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടികളെ കണ്ടെത്തി നല്‍കണം എന്ന് ഇവര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സ്ത്രീ – പുരുഷാനുപാതം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു. പെണ്‍ ഭ്രൂണ ഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വിവാഹ വസ്ത്രം ധരിച്ച് കുതിരപ്പുറത്തേറിയാണ് യുവാക്കള്‍ കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ബാന്‍ഡ് മേളവും ഒപ്പമുണ്ടായിരുന്നു. ഈ മാര്‍ച്ചിനെ ആളുകള്‍ പരിഹസിച്ചേക്കാം. പക്ഷെ സ്ത്രീ-പുരുഷാനുപാതത്തിലെ ഇടിവ് മൂലം വിവാഹ പ്രായമായ യുവാക്കള്‍ക്ക് വധുവിനെ ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് മാര്‍ച്ച് സംഘടിപ്പിച്ച ജ്യോതി ക്രാന്തി പരിഷത് സ്ഥാപകനായ രമേഷ് ഭാസ്‌കര്‍ പറഞ്ഞു.
1000 പുരുഷന്മാര്‍ക്ക് 889 സ്ത്രീ എന്ന നിലയിലാണ് മഹാരാഷ്ട്രയിലെ സ്ത്രീ – പുരുഷ അനുപാതം. പെണ്‍ ഭ്രൂണ ഹത്യയാണ് ഈ അന്തരത്തിന് കാരണമെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും പ്രക്ഷോഭകർ പറഞ്ഞു.
2022 ലെ ഡാറ്റ പ്രകാരം ഇന്ത്യിലെ മൊത്തം സ്ത്രീപുരുഷ അനുപാതം 1000 പുരുഷൻമാർക്ക് 1020 സ്ത്രീകൾ എന്ന കണക്കിലാണ്. എന്നാൽ ഇത് നഗരങ്ങളിൽ ആയിരും പുരുഷൻമാർക്ക് 985 സ്ത്രീകൾ എന്ന കണക്കിലാണ്. 2019 ലെ കണക്കു പ്രകാരം മഹാരാഷ്ട്രയിൽ സ്ത്രീകളുടെ എണ്ണം 920 പേർ എന്ന നിലയിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
മാർച്ചിൽ പങ്കെടുത്ത ഒരു 29 കാരൻ യുവാവിന് പശു ഫാമും രണ്ട് ഏക്കർ ഭൂമിയിൽ കൃഷിയുമുണ്ട്. നഗരത്തിലുള്ളവർ വന്ന് കുട്ടികളെ കല്യാണം കഴിച്ചു കൊണ്ട് പോകുന്നത് കാരണം പെണ്ണ് കിട്ടാനില്ലെന്ന് പരാതിപ്പെട്ടു. ശിവന്ത് ക്ഷീര സാഗർ എന്ന യുവാവ് താൻ 25 ആലോചനകളിലൂടെ കടന്നു പോയിട്ടും ആരും സന്നദ്ധരായില്ല എന്ന് പരാതിപ്പെട്ടു. മാർച്ചിൽ പങ്കെടുത്തവർ എല്ലാം സ്വന്തമായി വരുമാന മാർഗ്ഗം ഉള്ളവരാണ്. എങ്കിലും സ്ഥിരവരുമാനമായി കണക്കാക്കുന്നില്ല എന്ന് പരാതിപ്പെട്ടു.



