സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.
തെരുവു നായ ശല്യം രൂക്ഷമായി തുടരവെ വിവിധ വകുപ്പുകൾ പ്രസ്താവനാ നാടകങ്ങളിൽ തുടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. എല്ലാ വർഷവും നായ ശല്യം വർധിക്കുമ്പോൾ ഇത്തരം നടപടി അവകാശങ്ങൾ ഉണ്ടാവാറുണ്ട് എങ്കിലും പേപ്പട്ടി ഭീതി പരിഹാരമില്ലാതെ തുടരുകയാണ്. ദിവസവും കോവിഡ് അപ്ഡേറ്റ് പോലെ നായ കടിച്ച വാർത്തകളും പ്രചരിക്കുന്നു.
ഇതുവരെ പ്രഖ്യാപിച്ച നടപടികൾ ഒന്നും പോലും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ ചുമലിൽ ഇട്ട് മറ്റ് വകുപ്പുകളും സർക്കാരും കൈ കഴുകുമ്പോൾ നാട്ടിൽ ശല്യം തുടരുകയാണ്. അറവു ശാലകളും പൊതു സ്ഥലത്ത് ഭക്ഷ്യ വസ്തുക്കൾ നിക്ഷേപിക്കുന്നതും ഉൾപ്പെടെ ഉത്തരവാദിത്തം പലതരത്തിൽ വെച്ച് കെട്ടി സർക്കാർ കൈ ഒഴിയുകയാണ്. രാഷ്ട്രീയ അവസരം എന്ന നിലയ്ക്കല്ലാതെ പ്രതിപക്ഷത്തിനും ഇതിൽ താത്പര്യം ഇല്ല.
ഈ സാഹചര്യത്തിൽ പലയിടത്തും പ്രാകൃതമായ രീതിയിൽ ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന കാഴ്ചയാണ്. വിഷം നൽകിയും തല്ലിയും കൊല്ലുന്ന രീതിയാണ് അവലംബിക്കേണ്ടി വരുന്നത്.


