വയനാട് കുപ്പാടിത്തറയിൽ പിടികൂടിയ കടുവ മൂന്ന് ദിവസം മുൻപ് കർഷകനെ ആക്രമിച്ച് കൊന്ന കടുവ തന്നെയെന്ന് നിഗമനം. കടുവയുടെ സഞ്ചാര പാത സമാനമാണ്. കാൽപാടുകൾ കൂടി പരിശോധിച്ച ശേഷമാണ് നിഗമനത്തിലേക്ക് എത്തിയതെന്ന് വനംവകുപ്പ് സംഘം അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്ത് നിന്നും മാറിയാണ് കടുവയെ കണ്ടെത്തിയത് എന്നതിനാൽ മറ്റ് ഏതെങ്കിലും കടുവയാണോ എന്ന് സംശയമുണ്ടായിരുന്നു.

കണ്ടെത്തിയത് 15 കിലോമീറ്റർ അകലെ
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 50 വയസായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തിൽ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലേറെ വനപാലക സംഘം ക്യാമ്പ് ചെയ്ത് തിരിച്ചിൽ തുടരുന്നതിനിടയിലാണ് കുപ്പാടിത്തറയിൽ നിന്ന് കടുവ പിടിയിലാകുന്നത്.
ആർആർടി സംഘം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി. തുടർന്ന് ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നൽകുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്.
ഇന്ന് രാവിലെ പ്രദേശത്തെ കാപ്പിത്തോട്ടത്തിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ വനപാലകരെ അറിയിച്ചിരുന്നു. പിന്നീട് പ്രദേശത്ത് തിരച്ചിൽ നടത്തിയ സംഘം ഇക്കാര്യം സ്ഥിരീകരിക്കുകയും മയക്കു വെടിവെക്കാൻ തീരുമാനിക്കുകയുമായിരുന്നു.


