പുൽപള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കെ.കെ എബ്രഹാം കെ.പി.സി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. രാജിക്കത്ത് കെ.പി.സി.സി നേതൃത്വത്തിന് കൈമാറി.
നിരപരാധിത്വം തെളിയിക്കും വരെ മാറി നിൽക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് അയച്ച കത്തിൽ അവകാശപ്പെട്ടു.
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ബാങ്ക് മുൻ സെക്രട്ടറി രമാദേവിയും പോലീസ് കസ്റ്റഡിയിലാണ്. വായ്പാ കുടിശ്ശിക താങ്ങാനാവാതെ കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് തുടർച്ചയായാണ് ബാങ്ക് തട്ടിപ്പ് പുറത്തു വന്നത്.
ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെ.കെ. എബ്രഹാമടക്കം പത്തു പ്രതികളാണ് പട്ടികയിലുള്ളത്. ഇവർ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ വായ്പാ തട്ടിപ്പിന് ഇരയായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല ഇളയിലാത്ത് രാജേന്ദ്രൻ നായരാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അബ്രഹാം ബാങ്ക് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് എട്ടര കോടി രൂപയുടെ തട്ടിപ്പ്. തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട് ഡാനിയേലും ഭാര്യ സാറാക്കുട്ടിയും നൽകിയ പരാതിയുൾപ്പെടെ പരിഗണിച്ചാണ് കേസ് എടുത്തത്.


