നിയമസഭയില്‍ കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി എംഎം മണി.
‘മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു.
ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു’.
അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എംഎം മണി സഭയില്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്.
എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്ന് ഇന്ന് സഭയില്‍ സ്പീക്കര്‍ എംബി രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. ഒരു വാക്കിന് തന്നെ പല സാഹചര്യത്തില്‍ പല അര്‍ത്ഥങ്ങളാവും, എല്ലാ ആളുകള്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും സ്പീക്കര്‍ നിരീക്ഷിച്ചു. പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്.
അതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗവും പാരമര്‍ശം പിന്‍വലിക്കാന്‍ എംഎം മണിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ജൂലായ് 14നാണ് നിയമസഭയില്‍ എംഎം മണി കെകെ രമയ്‌ക്കെതിരായ വിവാദ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ മണിയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എംഎം മണി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
സ്പീക്കർ പറഞ്ഞതും എം എം മണി തിരുത്തിയതും
സ്പീക്കർ പറഞ്ഞത്
സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് പൊതുവില്‍ അംഗീകരിച്ച ചില വാക്കുകളുണ്ട്. അണ്‍പാര്‍ലമെന്ററി ആയ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാവാം. മുന്‍പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥം ആവണമെന്നില്ല. വാക്കുകള്‍ അതത് കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വാമൊഴികള്‍ എന്നിവ പലതും ഇന്ന് കാലഹരണപ്പെട്ടതും ഉപയോഗിച്ചുകൂടാനാവാത്തുമാവുന്നത്.
മനുഷ്യരുടെ നിറം, ശാരീരിര പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, കുടുംബപശ്ചാത്തലം, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍ ആണത്ത ഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായാണ് കണക്കാക്കപ്പെടുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യ ബോധത്തിന്റെ വികാസത്തിനുമനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന ഒരവബോധം സമൂഹത്തിലാകെ വളര്‍ന്നുവരുന്നുണ്ട്. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, അംഗപരിമിതര്‍, കാഴ്ചപരിമിതര്‍, പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ എന്നിവരെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ച് ഈ പരിഗണന പ്രധാനമാണ്. എന്നാല്‍ ജനപ്രതിനിധികളില്‍ പലര്‍ക്കും ഈ മാറ്റം മനസ്സിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുന്‍പില്ലാത്ത വിധം സോഷ്യല്‍ ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാവുന്നുണ്ടെന്നും എല്ലാവരും ഓര്‍ക്കണം. സഭയ്ക്കും കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവണം. വാക്കുകള്‍ വിലക്കാനുള്ള ചെയറിന്റെ അധികാരം ഉപയോഗിച്ച് അടിച്ചേല്‍പ്പിക്കേണ്ടതാണ് ഈ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണങ്ങളും സഭാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവണം.
എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ആശയം അന്തര്‍ലീനമായിട്ടുണ്ടെന്നാണ് ചെയറിന്റെ അഭിപ്രായം. അത് പുരോഗമനപരമായ ആശയവുമായി ചേര്‍ന്നുപോവുന്നതല്ല. എംഎം മണിയും ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുചിതമായ പരാമര്‍ശം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എംഎം മണി തിരുത്തിയത്
സ്പീക്കര്‍ നടത്തിയ നടത്തിയ നിരീക്ഷണത്തെ മാനിക്കുന്നു. ജൂലായ് 14ന് നടത്തിയ പ്രസംഗത്തില്‍ തന്നെ ഉദ്ദേശശുദ്ധി വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോയി. ആരേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് ഈ പരാമര്‍ശം ഞാന്‍ പിന്‍വലിക്കുകയാണ്.


