മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. വി ഡി സതീശനുമായുള്ള വാക് പോര് തുടരുന്നതിനിടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിൻ്റെ ഒളിയമ്പ്.
ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്നപ്പോള്‍ റിയാസ് തങ്ങള്‍ക്ക് വോട്ട് മറിച്ചെന്ന ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തലില്‍ നിയമനടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് എഫ് പോസ്റ്റിൽ ചോദിച്ചു.. ഗുരുതരമായ ആരോപണം ഉന്നയിച്ച് മാനനഷ്ടമുണ്ടാക്കിയതിന് വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരിലും ബി.ജെ.പി. നേതാവിനെതിരേയും കേസ് കൊടുത്ത് സ്വന്തം നട്ടെല്ല് വാഴപ്പിണ്ടിയല്ലെന്ന് തെളിയിക്കാന്‍ ആരെങ്കിലും തയ്യാറായോ എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം.
എഫ് ബി പോസ്റ്റ്
ഇങ്ങനെയൊരു വാർത്ത പുറത്തു വന്നിട്ട് എത്രയോ നാളായി. ഇത് വ്യാജമാണെങ്കിൽ ഇത്ര ഗുരുതരമായ ഒരു ആരോപണമുന്നയിച്ച് അന്നത്തെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടിന് മാനനഷ്ടമുണ്ടാക്കിയതിന്റെ പേരിൽ പ്രസ്തുത പത്രത്തിനെതിരെയും ബിജെപി നേതാവിനെതിരെയും കേസ് കൊടുത്ത് സ്വന്തം നട്ടെല്ല് വാഴപ്പിണ്ടിയല്ല എന്ന് തെളിയിക്കാൻ ആരെങ്കിലും തയ്യാറായോ?
അതോ, ഇത് സത്യമാണോ?
ഏറെ ജനപ്രിയനായ ഒരു നല്ല സഖാവിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പിന്നിൽ നിന്ന് കുത്തിയവനാണോ അന്നത്തെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട്? ഇന്നും ബിജെപിക്ക് വേണ്ടി കൂടെയുള്ളവരെ ഒറ്റിക്കൊടുക്കുന്നവനായാണോ അദ്ദേഹം തുടരുന്നത്?
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ട് ചെയ്തുവെന്നായിരുന്നു അന്ന് കോഴിക്കോട് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. പ്രകാശ് ബാബുവിന്റെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിനോടുള്ള പ്രതികരണം അടിസ്ഥാനമാക്കിയായിരുന്നു പത്രവാര്‍ത്ത. റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ തന്നെ നേരിട്ട് വന്നുകണ്ട് സഹായം വാഗ്ദാനം ചെയ്തുവെന്നായിരുന്നു വാര്‍ത്ത.
നേരത്തേയും മന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പരിഹാസവുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷ് നിരന്തരം തന്റെ ഭാര്യയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ക, മാന്ന് ഒരക്ഷരം മറുപടി പറയാന്‍ ധൈര്യമില്ലാത്ത വ്യക്തിയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നതെന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം.
പോസ്റ്റിലെ ‘മൊയ്ന്ത്’ എന്ന പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സൈബര്‍ ലോകത്ത് മാത്രം കാണുന്ന ജീവികള്‍ നിലവാരം കുറഞ്ഞ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നായിരുന്നു റിയാസിന്റെ മറുപടി.


