മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന് ഓയില്‍’ എന്ന പേരില്‍ പ്രത്യേക പരിശോധന ആരംഭിച്ചു. ബ്രാന്‍ഡ് രജിസ്ട്രേഷന് എല്ലാ വെളിച്ചെണ്ണ നിര്‍മ്മാതാക്കളും നിര്‍ബന്ധമായും കരസ്ഥമാക്കേണ്ടതാണെന്ന് മന്ത്രി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാന്‍ അനുവാദമുള്ളൂ. മായം കലര്‍ന്ന വെളിച്ചെണ്ണ വില്പന തടയുന്നതിന്റെ ഭാഗമായി ഇത് കര്‍ശനമായും നടപ്പിലാക്കും. ബ്രാന്‍ഡ് രജിസ്ട്രേഷന് ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന് ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതും നിയമ നടപടിയ്ക്ക് വിധേയമാക്കുന്നതുമാണ്. എണ്ണയില്‍ സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കുന്നതാണ് എന്നും മന്ത്രി അറിയിച്ചു.
കമ്പനി തുടങ്ങൂ കൊപ്ര ഇല്ലാത്ത വെളിച്ചെണ്ണ റെഡി
വെളിച്ചെണ്ണ ഉല്പാദകരെ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. ഒരു സ്ഥാപനം തുടങ്ങിയാൽ ലാഭ നഷ്ടം കണക്കാക്കി പരിഹാര നിർദ്ദേശവുമായി കൃത്രിമ വെളിച്ചെണ്ണ വിതരണ സംഘങ്ങളുടെ ഏജൻ്റുമാർ എത്തും. പാരഫിൻ കലർന്ന കൃത്രിമ എണ്ണ വെളിച്ചെണ്ണയുടെ മണം വരുത്തി എത്തിച്ച് നൽകിുന്നതാണ് രീതി.
ഇതിൽ വെളിച്ചെണ്ണ ചേർത്തും അല്ലാതെയും വിൽക്കാം. മൂന്നും നാലും ഇരട്ടി ലാഭം എന്നതാണ് വാഗ്ദാനം. വെളിച്ചെണ്ണ ബ്രാൻ്റുകൾ പരിശോധിച്ച് ഇവ കണ്ടെത്താം എങ്കിലും നടപടി വിരളമാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം ക്രിത്രിമ ഓയിലുകൾ എത്തുന്നത്. പ്രസിദ്ധമായ ഒരു ബ്രാൻ്റ് കമ്പനി തന്നെ വെളിച്ചെണ്ണയുടെ മണം കലർത്തി ഓയിൽ വിൽക്കുന്നുണ്ട്. നിയമ തടസം മറികടക്കാൻ കോക്കനട്ട് ഓയിൽ എന്ന് അവകാശപ്പെടുന്നില്ല. തെങ്ങിൻ്റെയും കൊപ്രയുടെയും ചിത്രം കൊടുക്കും എന്നു മാത്രം.
ഇത് പ്രാദേശിക കൊപ്രയാട്ടു മില്ലുകൾക്ക് കൂടി പരിചയപ്പെടുത്തുകയാണ് ഏജൻസികൾ വഴി ചെയ്യുന്നത്. ഇത്തരത്തിൽ പല ബ്രാൻ്റുകൾ എത്തുമ്പോൾ സത്യസന്ധരായ ഉല്പാദകർക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വരും. അവരും ക്രിത്രിമത്തിന് പിന്നാലെ പോവേണ്ടി വരും. വിശ്വസിക്കാവുന്നത് ഏത് എന്ന് പൊതു ജനത്തിന് തിരിച്ചറിയാനും പറ്റാതാവും.


