മകരവിളക്ക് കാലത്ത് ശബരിമലയിൽ എത്തിച്ചേർന്നത് അരക്കോടിയിലേറെ തീർഥാടകർ. ഇത്രയും പേരിൽ നിന്നായി 351 കോടി രൂപ വരുമാനം ഉണ്ടായി. നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി കഴിഞ്ഞു. നാണയങ്ങളുടെ നാലിലൊന്ന് എണ്ണി. നാണയമെണ്ണൽ അഞ്ചിന് പുനരാരംഭിക്കും. ഇത് ഒന്നരക്കോടിയോളം രൂപ വരും.
വരുമാനത്തിന്റെ 40 ശതമാനത്തോളം ചെലവ് ഉണ്ടായി. ദേവസ്വം ബോർഡിനു കീഴിലുള്ള 1251 ക്ഷേത്രങ്ങളിൽ 50 എണ്ണമാണ് സ്വയം പര്യാപ്തമായിട്ടുള്ള എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളിൽനിന്നും ഇത്തവണ തീർഥാടകരെത്തി. കുട്ടികൾക്കും പ്രായമായവർക്കും അംഗപരിമിതർക്കുമായി പ്രത്യേക ക്യൂ ഒരുക്കിയിരുന്നു. മുഴുവൻ ഭക്ഷണസാധനങ്ങളും പമ്പയിലെ ലാബിൽ പരിശോധിച്ചാണ് ഉപയോഗിക്കുന്നത്. പണമെണ്ണാൻ സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രത്തിന്റെ സാധ്യത പരിശോധിക്കുന്നുണ്ട്. അടുത്ത തീർഥാടന കാലത്തേക്കുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കും. ക്യൂ കോംപ്ലക്സ് ആധുനികവൽക്കരിക്കും. റോപ്പ് വേയുടെ നിർമാണത്തിന് പത്തേക്കർ സ്ഥലം ആവശ്യമാവും. ഇതിനു പകരമായി വനം വകുപ്പിന് ഇടുക്കിയിൽ സ്ഥലം നൽകുമെന്നും അദ്ദേഹം പറഞ്ഞു.


