കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ പ്രവേശന സമയം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രായപൂര്‍ത്തിയായ പൗരന്മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്തു പോകാന്‍ അനുവദിച്ചു കൂടേയെന്ന് കോടതി ആരാഞ്ഞു. ആൺ പെൺ വ്യത്യാസമില്ലാതെയാണ് കോടിതിയുടെ ചോദ്യം. കേസില്‍ സംസ്ഥാന വനിതാ കമ്മിഷനും ബുധനാഴ്ച നിലപാട് അറിയിക്കും.
രാത്രി പത്തുമണിക്ക് മുന്‍പ് പെണ്‍കുട്ടികള്‍ കോളേജ് ഹോസ്റ്റലിനുള്ളില്‍ പ്രവേശിക്കണമെന്നതാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ നിലവിലെ നിയമം. ആൺ കുട്ടികൾക്ക് ഇല്ലാത്ത നിയമമാണിത്. ഇതിനെ ചോദ്യം ചെയ്ത് കഴിഞ്ഞദിവസം പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. പത്തുമണി കഴിഞ്ഞാല്‍ ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കും. പിന്നീട് വരുന്ന വിദ്യാര്‍ഥികള്‍ പുറത്ത് നിൽക്കണം. ഈ വിവേചനമാണ് ചോദ്യം ചെയ്യപ്പെട്ടത്.
മെഡിക്കല്‍ കോളേജില്‍ രാത്രി 11.30 വരെ ലൈബ്രറിയും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംവിധാനങ്ങള്‍ പൊതുവായി എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ പെൺകുട്ടികൾക്ക് ഇത് സാധ്യമല്ല. ഹോസ്റ്റൽ സമയത്തിലെ നിയന്ത്രണമാണ് കാരണം. ആണ്‍കുട്ടികള്‍ക്ക് ഇത്തരം സമയനിയന്ത്രണങ്ങളില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലും സമാനമായ പ്രതിഷേധം ശക്തിപ്പെട്ടു.
വിഷയത്തില്‍ വനിതാകമ്മിഷനും ഇടപെട്ടിരുന്നു. ആണ്-പെണ് വ്യത്യാസമില്ലാതെ ഇത്തരം നിബന്ധനകൾ പ്രവർത്തിക്കണം എന്നായിരുന്നു വനിതാകമ്മിഷന് നിലപാട്. ഇതിനു പിന്നാലെയാണ് കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച കോടതി വിവേചനത്തിലെ പ്രശ്നങ്ങളിലേക്ക് കടക്കാതെ തന്നെ സമത്വത്തിലേക്ക് വിരൽ ചൂണ്ടി. ഇത്തരം വിവേചനങ്ങള്‍ ആവശ്യമുണ്ടോയെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആരാഞ്ഞു.


