ഉയര്‍ന്ന ജാതിക്കാര്‍ക്കായി റിസർവ്വ് ചെയ്ത പാത്രത്തില്‍ നിന്ന് ദാഹം തീർക്കാൻ വെള്ളം കുടിച്ചതിന്റെ പേരില്‍ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ജലോറിൽ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മനംനൊന്ത് കോൺഗ്രസ് എം.എല്‍.എ രാജിവെച്ചു. ബെറാന്‍ ആത്രു എം.എല്‍.എ പനംചന്ദ് മെഹ്വാല്‍ ആണ് അധികാരം വിട്ട് ഒഴിഞ്ഞത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന് രാജിക്കത്ത് സമര്‍പ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അവരിപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുന്നു. ആ അടിച്ചമര്‍ത്തലിനെ എനിക്ക് തടയാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നുവന്ന് പനംചന്ദ് മെഹ്വാള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. കുട്ടിയുടെ കുടുംബത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും നീതി ലഭ്യമാക്കണമെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രാകൃതമായ ആക്രമണത്തിനെതിരെ ജനരോഷം കനത്തതോടെ സ്കൂള്‍ അധ്യാപകനെ രാജസ്ഥാന് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 20-ന് ആണ് ജലോര്‍ ജില്ലയിലെ സുരാനയില്‍ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിയായ ഇന്ദ്രകുമാര്‍ മെഘ്വാള്‍(9)-നെ ഉയർന്ന ജാതിക്കാർക്കായി വെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് അധ്യാപകന് ക്രൂരമായി മര്‍ദിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ പിതാവ് ആശുപത്രിയിൽ എത്തിച്ചു. ഇതോടെയാണ് വിവരം പൊതു ശ്രദ്ധയിൽ എത്തുന്നത്. ഒരാഴ്ച ആശുപത്രിയില്‍ വേദന തിന്നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.


