അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് മര്‍ദനമേറ്റ ദളിത് ബാലന് മരിച്ചു. രാജസ്ഥാനില്‍ ഒമ്പത് വയസുള്ള കുട്ടിയാണ് ശനിയാഴ്ച അധ്യാപകൻ്റെ മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലാണ് ഉത്തരേന്ത്യൻ ജാതിവെറിയുടെ ക്രൂര രൂപം.
ജൂലായ് 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേൽപ്പിച്ചു. അവശ നിലയിലായ കുട്ടിയെ രക്ഷിതാക്കൾ അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച മരിക്കുകയായിരുന്നു.
മരണത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നു. ഇത് നേരിടാൻ സർക്കാർ ഇവിടുത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. നാട്ടുകാരുടെ ആശയ വിനിമയവും തടസ്സപ്പെടുത്തി.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. പ്രതിഷേധം കനത്തതോടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും ഗെഹലോട്ട് പ്രഖ്യാപിച്ചു.
കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി രാജസ്ഥാന് പോലീസ് സംഘത്തെ അഹമ്മദാബാദിലേക്ക് അയച്ചു.
‘അധ്യാപകനായ ചെയ്ലി സിങ് അദ്ദേഹത്തിന്റെ കുടിവെള്ള പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഞങ്ങളുടെ മകനെ ക്രൂരമായി മര്‍ദിക്കുകയും ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കണ്ണില്‍ നിന്നും ചെവിയില്‍നിന്നും രക്തസ്രാവമുണ്ടായി. ആദ്യം ഉദയ്പുരിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും അവന് മരിച്ചു’, കുട്ടിയുടെ പിതാവ് ദേവ്റാം മേഘവാള്‍ പറഞ്ഞു.


