സാനിയ മിര്‍സയുടെ ഐതിഹാസിക ടെന്നിസ് കരിയറിന് വിരാമം. എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയുടെ കരുത്തിന്റെ ജൈത്രയാത്രയ്ക്കാണ് ദുബായിയുടെ മണ്ണില്‍ വിരാമം പ്രഖ്യാപിച്ചത്. മുപ്പത്തിയാറാം വയസിലാണ് സാനിയ മിര്‍സ ടെന്നിസില്‍ നിന്ന് പടിയിറങ്ങുന്നത്.
തന്റെ പ്രൊഫഷനല്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായ ദുബായ് ഓപ്പണിന്റെ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തന്നെ സാനിയ മിര്‍സ തോറ്റ് പുറത്തായി. ദുബായ് ഓപ്പണോടെ വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ താരം മാഡിസൺ കീസിനൊപ്പമാണ് സാനിയ തന്റെ കരിയറിലെ അവസാന അങ്കത്തിന് കോർട്ടിലെത്തിയത്. എന്നാല്‍ റഷ്യയുടെ വെറോണിക്ക കൂഡർമെറ്റോവ-ലിയൂഡ്മില സാംസനോവ സഖ്യത്തോട് ഒരു മണിക്കൂര്‍ നേരം കൊണ്ട് സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി സമ്മതിച്ചു. സ്കോര്‍: 4-6, 0-6.
ഗ്രാന്ഡ്സ്ലാമില് നിന്ന് കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണോടെ സാനിയ മിര്‍സ വിരമിച്ചിരുന്നു. ഹൈദരാബാദില്‍ ആറാം വയസില്‍ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തിയത് 2003ലാണ്. 2013ല്‍ സിംഗില്‍സ് മതിയാക്കി ഡബിള്‍സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്ലാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ മിര്‍സ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമാണ്. ആറ് ഗ്ലാൻഡ്സ്ലാം ട്രോഫികള്‍ ഉള്‍പ്പടെ 43 മേജര്‍ കിരീടങ്ങള്‍ പേരിലാക്കി. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ഖേല്‍രത്ന അംഗീകാരങ്ങള്‍ നല്കി രാജ്യം സാനിയ മിര്‍സയെ ആദരിച്ചിരുന്നു.
ടെന്നീസിൽ ഇന്ത്യയ്ക്ക് മേൽവിലാസം ഉണ്ടാക്കിയ കളിക്കാരിയാണ്. വനിതാ താരങ്ങൾ കുറവായിരുന്ന കാലത്ത് കരുത്തിൻ്റെയും അഴകുറ്റ കേളീ ശൈലിയുടെയും പ്രതീകമായി ഉയർന്നു.
ഗ്രാൻ്റ്സ്ലാമിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം
ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ഫൈനലിൽ പരാജയപ്പെട്ട ശേഷം വേദിയിൽ വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു. മെൽബണിലെ റോഡ് ലേവർ അരീനയിലെ ആരാധകർക്കു മുന്നിൽ സാനിയ മിർസ വികാരഭരിതമായാണ് അന്ന് സംസാരിച്ചത്. ഗ്രാൻഡ് സ്ലാമിൽ കരിയർ അവസാനിപ്പിക്കുന്നതിന് ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്ന് അന്ന് സാനിയ പറഞ്ഞു. സന്തോഷം കാരണമാണു കരയുന്നതെന്നും സാനിയ വ്യക്തമാക്കി.

ദുബിയിയിലെ വിടവാങ്ങലും അന്ന് പ്രഖ്യാപിച്ചു
‘‘മെൽബണിലാണ് എന്റെ പ്രൊഫഷനൽ കരിയർ ആരംഭിച്ചത്. ഗ്രാൻഡ്സ്ലാമിൽ എന്റെ കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. ഞാൻ ഇനിയും കുറച്ചു ടൂർണമെന്റുകൾ കൂടി കളിക്കും. 2005ൽ മെൽബണിലാണ് എന്റെ കരിയർ തുടങ്ങിയത്. ഇവിടെ വീണ്ടും വരാനുള്ള അനുഗ്രഹം എനിക്കു ലഭിച്ചു. ഈ വേദി എനിക്ക് സവിശേഷമാണ്. മകനു മുന്നിൽ ഒരു ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല.’’–
ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ഡബ്ല്യുടിഎ ടൂർണമെന്റോടെ ടെന്നീസിൽനിന്ന് വിരമിക്കുമെന്നും അന്നു തന്നെ 36 വയസ്സുകാരിയായ സാനിയ മിർസ പ്രഖ്യാപിച്ചിരുന്നു. മെൽബണിൽ മിക്സഡ് ഡബിൾസ് ഫൈനലിലും സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം തോറ്റുപുറത്താകുകയായിരുന്നു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങള്‍ തോറ്റത്. സ്കോർ: 6-7, 2-6.
രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് വിജയിച്ചിട്ടുണ്ട്. 2016ൽ മാർട്ടിന ഹിൻജിസിനൊപ്പം ചേർന്ന് വനിതാ ഡബിൾസും വിജയിച്ചു.


