സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്മാന് പി.പി സുനീറിനേയും തിരഞ്ഞെടുത്തു. മുന്‍മന്ത്രി വി.എസ് സുനില്‍കുമാർ സംസ്ഥാന എക്സിക്യൂട്ടീവില്‍ ഇടം ലഭിക്കാതെ പുറത്തായി. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമാകാന്‍ അവസരം ഒരുങ്ങിയപ്പോഴും സംസ്ഥാന ഘടകത്തിന്റെ പിന്തുണ സുനില്‍ കുമാറിന് ലഭിച്ചിരുന്നില്ല.
എന്നാൽ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ ആറ് പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചു. ആര്. രാജേന്ദ്രന്, ജി.ആര് അനില്‍, കെ.കെ അഷ്റഫ്, കമല സദാനന്ദന്, സി.കെ ശശീധരന്, ടി.വി ബാലന്. ഇവരിൽ അഞ്ചുപേരും കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ്.
തൃശൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സി.എന്‍ ജയദേവന് എക്സിക്യൂട്ടീവില്‍ തുടരുന്നതിനാല്‍ ജില്ലയില്‍നിന്ന് മറ്റ് ഒഴിവുകളില്ലാത്തതിനാലാണ് സുനില്‍ കുമാറിനെ ഒഴിവാക്കിയതെന്നാണ് നേതൃത്വം വിശദീകരിച്ചത്. കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ, സത്യൻ മൊകേരി എന്നിവർ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നും ഒഴിഞ്ഞു.
കൊല്ലത്തുനിന്നും ആര്. രാജേന്ദ്രനെ കൊണ്ടു വന്നു. കൊല്ലത്ത് കാനം പക്ഷത്തെ ഏകോപിപ്പിച്ച നേതാവാണ്.
സിപിഐ സംസ്ഥാന സെക്രട്ടറി പദത്തിലേക്കു കാനം രാജേന്ദ്രനെതിരെ യുവ നേതാവും മുൻ മന്ത്രിയുമായ വി.എസ്.സുനിൽ കുമാറിനെ മത്സരിപ്പിക്കുന്നത് കെ.ഇ.ഇസ്മായിൽ പക്ഷം പരിഗണിച്ചിരുന്നതായി കഴിഞ്ഞ മാസം സംസ്ഥാന സമ്മേളന വേളിയിൽ വാർത്തയുണ്ടായിരുന്നു. 75 എന്ന പ്രായപരിധി സംസ്ഥാന സമ്മേളനം അംഗീകരിച്ചാൽ ഇസ്മായിലും സി.ദിവാകരനും സംസ്ഥാന കൗൺസിലിൽ നിന്നു പുറത്താകുന്ന സാഹചര്യത്തിലായിരുന്നു ഇത്.


