ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന് ഗോവയിലെ ആഡംബര നിശാക്ലബ്ബിൽ വെച്ച് ലഹരി നൽകുന്ന സിസിടിവി ദൃശ്യം പുറത്ത്. അമിത ലഹരിയിൽ നടക്കാന്‍ കഴിയാതെ സൊനാലിയെ സഹായി താങ്ങിപിടിച്ച് കൊണ്ടുപോവുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ വ്യക്തി ലഹരി നൽകുന്ന ദൃശ്യവും പുറത്ത് വന്നത്.
സൊനാലി മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് അവരുടെ പേഴ്സണല്‍ അസിസ്റ്റന്‍ഡ് സുധീര്‍ സഗ്വാന്,സുഹൃത്ത് സുഖ്വിന്ദര് വാസി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൊനാലിയെ ലഹരിമരുന്ന് നിർബന്ധിച്ച് കഴിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ സുഹൃത്തുക്കൾക്ക് പുറമെ വടക്കന്‍ഗോവയിലെ കുര്‍ലൈസ് റെസ്റ്റോറന്റ് ഉടമ എഡ്വിന് നൂനസ്, ലഹരിവില്‍പ്പനക്കാരന്‍ ദത്തപ്രസാദ് ഗാവോങ്കര്‍ എന്നിവരെ ശനിയാഴ്ചയും അറസ്റ്റ് ചെയ്തിരുന്നു.
മരണത്തിനുമുമ്പ് സൊനാലി കുര്‍ലൈസ് റെസ്റ്റോറന്റിലെ നിശാക്ലബ്ബിൽ നർത്തകർക്ക് ഇടയിൽ നീങ്ങുന്ന ദൃശ്യമാണ് ഉള്ളത്.
മയക്കുമരുന്ന് നിയമപ്രകാരമുള്ള കുറ്റങ്ങളാണ് എഡ്വിന്റെയും ദത്തപ്രസാദിന്റെയുംപേരില് ചുമത്തിയിട്ടുള്ളത്.വിരുന്നിനിടെ സഹായികളായ സുധീറും സുഖ്വിന്ദറും ചേര്‍ന്ന് സൊനാലിയെ മയക്കുമരുന്ന് മദ്യത്തില്ക്കലര്ത്തി കുടിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയുംപേരില്‍ കൊലപാതകക്കുറ്റമാണ് ചുമത്തിയത്.
പുലര്‍ച്ചെ നാലരയോടെ പാർട്ടി ഹാളിൽ നിന്നും പോയ മൂന്നുപേരും രണ്ടുമണിക്കൂറിനുശേഷമാണ് റെസ്റ്റോറന്റില്‍ തിരിച്ചെത്തിയത്. മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൊനാലിയുടെ മൃതദേഹത്തില്‍ മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ദരിച്ചും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 23 നായിരുന്നു മരണം.


