സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്ട്രേഷന് കേന്ദ്ര സർക്കാർ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷന്, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ രജിസ്ട്രേഷനാണ് റദ്ദു ചെയ്തത്. ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് നടപടി.
രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവര്‍ അംഗങ്ങളാണ്.
രാജ്യത്തെ ആറായിരത്തിലധികം സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാത്തവ . തൃപ്തികരമായ രേഖകളില്ലാത്തതിനാല്‍ ആഭ്യന്തരമന്ത്രാലയയം അപേക്ഷ തള്ളിയവ എന്നിങ്ങനെ പലകാരണങ്ങളാല്‍ 6003 സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സാണ് റദ്ദായത്.
എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സംഘടനകളെ പ്രത്യേകം നിരീക്ഷിച്ചാണ് നടപടി എടുത്തിരിക്കുന്നത്. ഗാന്ധി കുടുംബം നടത്തുന്ന എന്‍ജിഒകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാനായി 2020 ല്‍ ആഭ്യന്തര മന്ത്രാലയം ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിന് തുടർച്ചയായാണ് നടപടിയെടുത്തത്


