ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലു എതിപ്പുവാദം തള്ളിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. സർവകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു
സർവകലാശാലകളുടെ നിയമനിർമ്മാണത്തിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് നിയമമന്ത്രി പി.രാജീവ് പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു. സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് തടസവാദം. സംസ്ഥാന സർവകലാശാലകൾ യുജിസി ചട്ടങ്ങൾ അനുസരിക്കണമെന്നത് നിർബന്ധമല്ല. മാർഗ നിർദേശക സ്വഭാവം മാത്രമാണ്. നിയമ ഭേദഗതിക്ക് നിയമ സഭയ്ക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി.
തുടർന്ന് ബിൽ അവതരണത്തിന് നിയമ പ്രശ്‍നം ഇല്ലെന്നു സ്പീക്കർ റൂളിംഗ് നല്‍കി. പ്രതിപക്ഷത്തിന്റ തടസ വാദങ്ങൾ സ്പീക്കര്‍ തള്ളി.
എന്താണ് മാറ്റം
നിയമഭേദഗതിയനുസരിച്ച് വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാരിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം.
ഏതു നിയമം വന്നാലും ബന്ധു നിയമനം തടയും – ഗവർണർ
കണ്ണൂര്‍ സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍. ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. വി സി മുഖേനെ നിയമനങ്ങൾ അനുവദിക്കില്ല. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ട്. ബില്ലില്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു


