ദുബായിൽ നിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന ഒരു കോടി രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവള പരിസരത്ത് പോലീസ് പിടികൂടി. 1.884 കിലോ ഗ്രാം സ്വർണം മിശ്രിതവുമായി കാസർകോട് സ്വദേശി ഷഹലയെ (19) പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് പാക്കറ്റുകളാക്കി സ്വർണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വിലവരും. ഞായറാഴ്ച രാത്രി പത്തരക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസിലാണ് യുവതി വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാത്തു നിന്ന പോലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചു. മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടർന്ന് ലഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടും കണ്ടെത്താനായില്ല. അവസാനം യുവതിയുടെ ദേഹപരിശോധനയിൽ, അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി വിദഗ്ദമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.
ഭർത്താവിൻ്റെ നിർബന്ധത്തിന് വഴങ്ങി ആദ്യ പരീക്ഷണം
കോഴിക്കോട് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 87-ാമത്തെ സ്വർണക്കടത്ത് കേസാണിത്. സ്വര്‍ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്.
ഷഹല ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ചവിവരം. കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്ന കണ്ടെത്തലിലാണ് പൊലീസും.
കഴിഞ്ഞ ജനുവരിയില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പോലീസിന്റെ ഹെല്പ് ഡെസ്ക് ആരംഭിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുകയും സ്വര്‍ണക്കടത്ത് തടയുകയുമായിരുന്നു ഹെല്പ് ഡെസ്കിന്റെ പ്രധാന ലക്ഷ്യം. വിമാനത്താവളത്തിന് പുറത്തെ പോലീസ് എയ്ഡ് പോസ്റ്റിന് പുറമേയായിരുന്നു ഹെല്പ് ഡെസ്കിന്റെ പ്രവര്‍ത്തനം.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലുകളും കവര്‍ച്ചയും പതിവായതോടെയാണ് വിമാനത്താവളത്തിന് പുറത്ത് ഹെല്പ് ഡെസ്ക് ആരംഭിക്കാന്‍ പോലീസ് തീരുമാനിച്ചത്. 2021ല്‍ രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് സ്വര്‍ണക്കടത്തുമായുള്ള ബന്ധവും ഇതിന് കാരണമായി. പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വര്‍ണക്കടത്ത് പിടികൂടി പോലീസ് മികവ് കാട്ടി. പിന്നീടങ്ങോട്ട് ഒട്ടേറെ പേരെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്.
കസ്റ്റംസിലെ ഒത്താശക്കാരെയും അകത്താക്കി പൊലീസ്
അടുത്തിടെ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ പിടികൂടിയതും പോലീസിന്റെ നേട്ടമായിരുന്നു. രണ്ട് യാത്രക്കാര്‍ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കൈമാറുന്നതിനിടെയാണ് കസ്റ്റംസ് സൂപ്രണ്ടായ മുനിയപ്പയെ പോലീസ് പിടികൂടിയത്. ഏകദേശം 25,000 രൂപയായിരുന്നു മുനിയപ്പയുടെ ‘കടത്തുകൂലി’. കള്ളക്കടത്ത് തടയാന്‍ വിമാനത്താവളത്തില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ കള്ളക്കടത്ത് സ്വര്‍ണവുമായി പോലീസ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് പിടികൂടിയത്.


