പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ ഇലച്ചിവഴി ആഞ്ചക്കക്കൊമ്പ് സ്വദേശി കന്തസാമിയാണ് കൊല്ലപ്പെട്ടത്. ഊരിലേക്ക് വരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നേരത്തെയും കാട്ടാനയുടെ സാന്നിധ്യമുള്ള മേഖലയാണിത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷമാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞത്.
കോളനിയില്‍ രാത്രിയും പകലും ആന ശല്യം രൂക്ഷമാണ്. ജനവാസ മേഖലകളിലേക്കടക്കം എത്തുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാനാവാതെ വനം വകുപ്പും നിസ്സഹായമാണ്.
രണ്ടുമാസം മുൻപും സമാനമായ ആക്രമണത്തിൽ കുടുംബനാഥന് ജീവൻ നഷ്ടമായി.
അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിൽ ലക്ഷ്മണൻ (45) ആണ് മരണപ്പെട്ടത്. ആനയുടെ ശബ്ദം കേട്ടതിനെ തുടർന്ന് വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.പുലർച്ചെ അഞ്ച് മണിയോടെയാണ് ലക്ഷ്മണന് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇവിടെ അഞ്ച് മനുഷ്യ ജീവനുകൾ ആന കശക്കി എറിഞ്ഞു.



