അതിക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് നിർത്തുക, അമിത് ഷായ്ക്ക് മറുപടിയുമായ് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം എന്താണെന്നും കർണാടക എന്താണെന്നും എല്ലാവർക്കും അറിയാമെന്ന് പിണറായി വിജയൻ അമിത് ഷായുടെ പ്രസംഗത്തിന് മറുപടിയായി പറഞ്ഞു. കോൺഗ്രസിനെയും മുഖ്യമന്ത്രി വിമർശിച്ചു. സി.പി.എം. വാഴൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് അപകടമാണ് അമിത് ഷാക്ക് കേരളത്തെക്കുറിച്ച് പറയാനുള്ളതെന്ന്‌ മുഖ്യമന്ത്രി ചോദിച്ചു. കൂടുതല്‍ പറയുന്നില്ല എന്നാണ് അമിത്ഷാ പറഞ്ഞത്, പറഞ്ഞോളു, എന്തിനാണ് പകുതി പറഞ്ഞ് നിര്‍ത്തുന്നത്. ബിജെപി വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്‌ടിക്കുന്നു. അത് നടക്കാത്ത ഏക ഇടം കേരളമാണ്. കേരളത്തിലും വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാനാണ് അമിത്ഷായുടെയും കൂട്ടരുടെയും ശ്രമം. അമിത്ഷായുടെ പൂതി നടക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു

ശനിയാഴ്‌ചയായിരുന്നു കര്‍ണാടകയിലെ പുത്തൂരിലെ റാലിയില്‍ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെ അധിക്ഷേപിച്ചത്. ബിജെപി സര്‍ക്കാരിന് മാത്രമെ കര്‍ണാടകയെ സുരക്ഷിതമാക്കി നിലനിര്‍ത്താന്‍ കഴിയുവെന്നും അയല്‍സംസ്ഥാനമായ കേരളത്തെ കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോയെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അധികമൊന്ന് പറഞ്ഞു നോക്ക്. എന്താ പറയാനുള്ളത് എന്ന് നോക്കാമല്ലോ

കേരളത്തിലെ സ്ഥിതി എല്ലാവർക്കും അറിയാമല്ലോ എന്നായിരുന്നു കർണാടകയിൽ അമിത് ഷാ നടത്തിയ പരാമർശം, എന്നാൽ, ‘ന്യൂനപക്ഷവിഭാഗങ്ങളും ക്രിസ്ത്യാനികളും കർണാടകയുടെ ഏതെല്ലാം ഭാഗത്താണ് ഇരകളാകുന്നത്. എന്നാൽ കേരളത്തിൽ അങ്ങനെയാണോ? ഏതെങ്കിലും മതവിഭാഗങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? അത്തരം ഒരു സാഹചര്യം സൃഷ്ടിക്കണമെന്നല്ലേ കേന്ദ്ര ആഭ്യന്തര മന്ത്രി പറയേണ്ടത്. എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെക്കുറിച്ച്കാണാൻ കഴിഞ്ഞത്. അധികമൊന്നും പറയാനില്ല എന്നല്ലേ അദ്ദേഹം പറഞ്ഞത്. എന്നാൽ അധികമൊന്ന് പറഞ്ഞു നോക്ക്. എന്താ പറയാനുള്ളത് എന്ന് നോക്കാമല്ലോ. ഈ രാജ്യത്ത് ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനമല്ലേ കേരളം, മുഖ്യമന്ത്രി ചോദിച്ചു.

ത്രിപുരയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം, കേരളത്തിൽ ഗുസ്തി പിടിക്കുന്നവർ ത്രിപുരയിൽ ദോസ്തുക്കളായി മാറിയിരിക്കുന്നു എന്നാണ്. നരേന്ദ്ര മോദിക്ക് മറവി അധികം ഇല്ലെന്ന് തോന്നുന്നു. ത്രിപുരയിൽ ഞങ്ങൾ പല വഴിയിൽ കൂടി കടന്നു വന്നതാണ്. ഇപ്പോൾ ബി.ജെ.പി. കാണിക്കുന്ന അതിക്രമങ്ങൾ മാത്രമല്ല പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരമുള്ളപ്പോൾ കോൺഗ്രസുകാർ അവിടെ കാട്ടിക്കൂട്ടിയ അതിക്രമങ്ങളും സി.പി.എമ്മിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസ് സി.പി.എമ്മിനെ ഏതെല്ലാം തരത്തിൽ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അങ്ങേയറ്റം വരെ പരിശ്രമിച്ചതാണ്, എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ പ്രസ്ഥാനത്തിന് സാധിച്ചു. പിന്നീട് ത്രിപുരയിലെ അധികാര വാഴ്ചയിൽ പ്രത്യേക സാഹചര്യം വന്നപ്പോഴാണ് ആ അവസ്ഥ മാറ്റിയെടുക്കാൻ ആവശ്യമായ യോചിപ്പുകൾ തിരഞ്ഞെടുപ്പിൽ വന്നത്, മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായകാര്യങ്ങൾ രാജ്യത്തിന്റെ ഒരുഭാഗത്ത് നടക്കുമ്പോൾ അതിന് പ്രോത്സാഹനം നൽകുന്നയാളായി പ്രധാനമന്ത്രി മാറുകയല്ല ചെയ്യേണ്ടത്. അത് അവസാനിപ്പിക്കാനും ജനാഭിലാഷം ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത്. ഈ പറയുന്ന ഏകാധിപത്യ നടപടികളെ ആകെ ചെറുത്തുകൊണ്ട് വലിയ മുന്നേറ്റമാണ് ത്രിപുരയിൽ കാണുന്നത്. രാജ്യത്തെ ബി.ജെ.പിയുടെ അതിക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സമീപനമാണ് പ്രധാനമന്ത്രി അടക്കം സ്വീകരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഇനിയും ഒരവസരം ബി.ജെ.പിക്ക് നമ്മുടെ രാജ്യത്ത് ലഭിച്ചാൽ അതിന്റെ ഫലമായി ഉണ്ടാകാൻ പോകുന്നത് രാജ്യത്തിന്റെ സർവനാശമായിരിക്കുമെന്ന് ജനാധിപത്യ വിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും മനസ്സിലാക്കിയിരിക്കുന്നു, മുഖ്യമന്ത്രി പറഞ്ഞു.

അതീവസമ്പന്നരായ ഏതാനും ആളുകൾക്ക് വേണ്ടിയാകരുത് ഭരണം. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർക്ക് വേണ്ടിയാകണം ഭരണം. എന്നാൽ പാവപ്പെട്ടവരുടെ സ്ഥിതി എന്താണ്. അവർ കൂടുതൽ കൂടുതൽ പാവപ്പെട്ടവരായി മാറുന്നു. പട്ടിണിയും ദാരിദ്രവും കൊടികുത്തിവാഴുന്നു. തൊഴിലാളികൾക്കെതിരെ, കൃഷിക്കാർക്കെതിരേ നടപടി. കാർഷിക രംഗത്ത് നൽകിവരുന്ന ആനുകൂല്യങ്ങൾ റദ്ദ് ചെയ്യുന്നു. ഇങ്ങനെ വരുമ്പോൾ എല്ലാവരും സ്വാഭാവികമായി പ്രതിഷേധവുമായി രംഗത്തെത്തും. ആ കാര്യങ്ങൾ ചിന്തിക്കാൻ അവസരം നൽകാതിരിക്കാൻ വേണ്ടിയാണ് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതെന്നും മുഖ്യന്ത്രി ആരോപിച്ചു.

”കേരളത്തിനെതിരെ ബി.ജെ.പിക്കൊപ്പം പാർലിമെന്റിൽ കോൺഗ്രസ്”

കോൺഗ്രസിനെ കടന്നാക്രമിക്കാനും മുഖ്യമന്ത്രി മറന്നില്ല, ‘കോൺഗ്രസ് രാജ്യത്ത് ബി.ജെ.പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ മോഹിപ്പിക്കുന്ന കാര്യങ്ങൾ വരുമ്പോൾ അതിന്റെ പിന്നാലെ നാക്കും നീട്ടി നടക്കുന്ന ഒരു വിഭാഗമായി മാറുന്ന ദയനീയ അവസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നു. കോണ്‍ഗ്രസ് യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാറാകണം. ബി.ജെ.പിയെ നേരിടുന്നതിന് അവർ ഉയർത്തുന്ന നയങ്ങളെ എതിർക്കാൻ തയ്യാറാകണം. ഞങ്ങൾ മതനിരപേക്ഷമാണെന്ന് അവകാശപ്പെട്ടാൽ മാത്രം പോര, അത് സംരക്ഷിക്കണമെങ്കിൽ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. അത് സ്വീകരിക്കാൻ ഏതെങ്കിലും ഘട്ടത്തിൽ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോ. വർഗീയതയോട് സമരസപ്പെടാനല്ലേ കോൺഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും പിണറായി ചോദിച്ചു.

യു.ഡി.എഫ്. എം.എൽ.എമാർ ഏതെങ്കിലും ​ഗൗരവമായ പ്രശ്നത്തിൽ ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിക്കുന്നത് കണ്ടിട്ടുണ്ടോ. അവർ താത്പര്യം കാണിച്ചത് കേരളത്തെ എങ്ങനെയെല്ലാം ഇകഴ്ത്താമെന്ന് നോക്കാനാണ്. സാധരണ എല്ലാവരും സ്വന്തം നാടിനെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുക. എന്നാൽ ഇവർ നാടിന് അഭിവൃദ്ധി ഉണ്ടാക്കുന്ന എല്ലാ പദ്ധതികളേയും എതിർക്കുകയാണ് ചെയ്യുന്നത്. കേരളത്തിനെതിരെ ബി.ജെ.പിക്കൊപ്പം പാർലിമെന്റിൽ സംസാരിക്കുകയാണ് കോണ്‍ഗ്രസ്, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...