എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടുന്നതിനെതിരെ നിലപാട് കടുപ്പിച്ച് എൻ എസ് എസ്. നിയമനങ്ങള്‍ പിഎസ്‍സിക്ക് വിട്ടാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയിൽ വ്യക്തമാക്കി.
എസ്എന്‍ഡിപ്പിക്കെതിരെ പരോക്ഷ വിമര്‍ശനമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പി എസ് സിക്ക് വിടുന്നതിൽ അനുകൂല അഭിപ്രായം പറഞ്ഞിരുന്നു. മുൻ മന്ത്രി ഏ കെ ബാലൻ്റെ പ്രസ്താവനയ്ക്ക് തുടർച്ചയായാണ് സർക്കാർ ശമ്പളം നൽകുന്ന വിദ്യാലയങ്ങളിലെ നിയമനം പി സ് സിക്ക് വിടണം എന്ന ആവശ്യത്തിന് പിന്തുണ അറിയിച്ചത്. എം ഇ എസും ഇതിനെ അനുകൂലിച്ച് രംഗത്ത് എത്തി.
എന്നാൽ എൻ എസ് എസും കെസിബിസിയും എതിർപ്പ് അറിയിച്ചു.
നിയമനം പിഎസ്‍സിക്ക് വിട്ടാല്‍ സംവരണം നടപ്പാക്കേണ്ടിവരും. അങ്ങനെ സംവരണസമുദായങ്ങളിലെ പ്രബലവിഭാഗങ്ങള്‍ക്ക് തന്നെ ആനുകൂല്യം ലഭിക്കും. ഇതിന് ആക്കം കൂട്ടുന്നതിന് വേണ്ടിയാണ് തങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം പിഎസ്‍സിക്ക് വിട്ടുനല്‍കാന്‍ തയ്യാറാണെന്നെന്ന വാഗ്ദാനം ഒരു വിഭാഗം മുന്നോട്ട് വെച്ചതെന്നാണ് സുകുമാരന്‍ നായരുടെ പ്രസ്താവന.
ആവശ്യം ശക്തമായതോടെ മന്ത്രി ശിവൻ കുട്ടിയും കോടിയേരി ബാലകൃഷ്ണനും ഇത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് ഇതിന് അനുകൂലമായ നിലപാടാണ് എന്നാണ് എ കെ ബാലൻ വ്യക്തമാക്കിയത്.
ഭീമമായ കോഴയാണ് അധ്യാപക നിയമനത്തിന് നൽകിവരുന്നത്. സർക്കാർ ശമ്പളം നൽകുകയും സ്കൂൾ മാനേജ്മെൻ്റ്റുകൾ കോഴ വാങ്ങുകയും ചെയ്യുന്ന സാഹചര്യമാണ്.