സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആയി കുറയ്ക്കും. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഇതിനെതിരെ നടത്തിയ സമ്മർദ്ദത്തിന് വഴങ്ങിയാണ് തീരുമാനം. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റം വരുത്തി. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി. ഇത്തവണത്തെ പ്രവേശനോത്സവ പരിപാടി മലയിൻകീഴ് സ്കൂളിൽ നടക്കുമ്പോൾ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. വിഷയത്തിൽ ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ അധ്യാപക സംഘടനകളുടെ യോഗം ചേർന്നിരുന്നു.
തീരുമാനം
2023-24 അക്കാദമിക വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി നിജപ്പെടുത്തി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 01 മുതൽ 05 വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായി തുടരും. വേനലവധി ദിവസങ്ങൾക്ക് മാറ്റമില്ല.
അദ്ധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ 5 ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.
2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിൽ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങൾ ആണ് 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയന ദിനങ്ങൾ ആണ് ഉണ്ടാകുക. യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസ്. തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.


