അപകീർത്തി കേസിൽ സ്റ്റേ ഇല്ല, രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും

അപകീര്‍ത്തിപരാമര്‍ശക്കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. ലോക്‌സഭാ എം.പി. സ്ഥാനത്തിനുള്ള അയോഗ്യത തുടരും.

സൂറത്ത് സെഷന്‍സ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍.പി. മൊഗേരയാണ് രാഹുലിനെതിരായ വിധി പ്രസ്താവം നടത്തിയത്. ഇനി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനി രാഹുലിന് മുന്നിലുള്ള മാര്‍ഗം. 2019-ല്‍ കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സാന്ദർഭികമായി നടത്തിയ പരാമര്‍ശമാണ് രാഹുലിനെതിരായി ഉപകരണമാക്കിയത്. ഇത് കേസിലേക്കും അയോഗ്യതയിലേക്കും കൊണ്ടെത്തിച്ചു.

കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും വാദംകേട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിധിപറയുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രാഹുലിന്റെ സ്റ്റേ ആവശ്യം നിരാകരിക്കുന്നു എന്നാണ് ജഡ്ജ് തുറന്നകോടതിയില്‍ വ്യക്തമാക്കിയത്..

പരമാവധി ശിക്ഷ ലഭിക്കുന്നപക്ഷം സ്വാഭാവികമായും ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുലിന് ലോക്‌സഭാ എം.പി. സ്ഥാനം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ത്തന്നെ രാഹുലിന്റെ അപ്പീലില്‍ അന്തിമതീര്‍പ്പുണ്ടാകുന്നത് വരെ കുറ്റക്കാരന്‍ ആണെന്ന വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. സുപ്രീം കോടതിയുടെ മുന്നറിയിപ്പ് വരുന്നതിന് മുന്‍പാണ് കോലാറില്‍ രാഹുല്‍ കേസിന് ആധാരമായ പ്രസംഗം നടത്തിയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സെഷന്‍സ് കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും വീണ്ടും ഉയര്‍ന്നിട്ടുണ്ട്.

രാഹുലിനെതിരായ വിധി സ്റ്റേ ചെയ്യരുതെന്ന് കേസിലെ പരാതിക്കാരനും ഗുജറാത്ത് എം.എല്‍.എയുമായ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകര്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ അപകീര്‍ത്തിപരാമര്‍ശം നടത്തുന്ന വ്യക്തിയാണെന്നും റഫാല്‍കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് രാഹുല്‍ നിരന്തരം അവഗണിക്കുന്നെന്നും ഇവര്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ അഭിഷേക് മനു സിങ്‌വി, പി. ചിദംബരം, വിവേക് തന്‍ഖ തുടങ്ങിയവര്‍ അടങ്ങിയ ഒരു സമിതി രാഹുലിന്റെ കേസ് നടത്തിപ്പിന് വേണ്ടി രൂപവത്കരിച്ചിരുന്നു. അഭിഷേക് മനു സിങ്‌വിയോ ചിദംബരമോ ഹൈക്കോടതിയില്‍ രാഹുലിന് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന. ഹൈക്കോടതിയില്‍നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും.

രാഹുലിന് കാത്തിരിക്കേണ്ടി വരും

രാഹുല്‍ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കില്‍ ലോക്‌സഭാ അംഗത്വം അയോഗ്യമാക്കപ്പെടുമെന്നും, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരെഞ്ഞടുപ്പ് അനിവാര്യമാകുമെന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സെഷന്‍സ് ജഡ്ജി വ്യക്തമാക്കി.

അയോഗ്യനാക്കപ്പെടുന്നതും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതും കാരണം ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി പറഞ്ഞു. എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമല്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍.പി മോഗെര പറഞ്ഞു. അപകീര്‍ത്തി പരാമര്‍ശ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ പരാമര്‍ശം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...