കേന്ദ്രം ഉടക്കിട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് പറഞ്ഞ് പിണറായി പങ്കെടുക്കാനിരുന്ന അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിനുള്ള യാത്രാ അനുമതി കേന്ദ്രം തടഞ്ഞു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്കിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത് എന്നാണ് വാർത്ത.
ഈ മാസം ഏഴ് മുതൽ 11 വരെ നടക്കുന്ന അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ കേരളത്തിന് ക്ഷണം ലഭിച്ചു. ഇതിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിൻറെ അനുമതി തേടിയത്. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്കിയത്. കേരളത്തിന് നേരിട്ട് നല്കിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുത്തി എങ്കിലും ഉടക്ക് വീണു. നിക്ഷേപകരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച വരെ ആസൂത്രണം ചെയ്തിരുന്നു.
ഉടക്ക് വിദേശകാര്യ മന്ത്രി നേരിട്ട് പരിശോധിച്ച ശേഷം
മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റിൽ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്താലയം കേരളത്തെ അറിയിച്ചത്.
മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് കേന്ദ്രം കേരളത്തിനയച്ച കത്തിൽ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിനോട് എതിർപ്പില്ല. കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കും ക്ഷണം കിട്ടിയിരുന്നു. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ശ്രദ്ധയിലും സംസ്ഥാന സർക്കാർ കൊണ്ടു വന്നിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസും പ്രതികരിച്ചില്ല.
മുഖ്യമന്ത്രിക്ക് ക്ഷണം നല്കിയ യുഎഇ മന്ത്രി മുമ്പ് കേരളത്തിലെ ഷോപ്പിംഗ് മാളിൻറെ ഉദ്ഘാടനത്തിൽ ഉൾപ്പടെ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കേണ്ട പ്രാധാന്യം എന്ത് എന്ന ചോദ്യം ഉയർത്തിയാണ് തടസ്സം സൃഷ്ടിച്ചത്. വിലക്കിന് പിന്നിൽ സാങ്കേതിക വിഷയങ്ങളാണ് ഉന്നയിക്കുന്നത്


