രാജ്യത്ത് വിദ്യാർഥികളുടെ ആത്മഹത്യാ നിരക്ക് വർഷം തോറും കൂടുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ദിവസേന 35 കുട്ടികൾ ജീവനൊടുക്കുന്നു.
കോവിഡ് വ്യാപനമുണ്ടായ 2020-’21 വർഷങ്ങളിലാണ് കൂടുതൽപേർ ആത്മഹത്യചെയ്തത്. രാജ്യത്തെ ആത്മഹത്യയിൽ എട്ടുശതമാനം വിദ്യാർഥികളാണ് എന്നത് ഞെട്ടിക്കുന്ന കണക്കാണ്.
ഫലപ്രദമായ കൌൺസിലിങ് സംവിധാനങ്ങൾ ഇല്ലെന്ന പരിമിതിയിലേക്കും ഇത് വിരൽ ചൂണ്ടുന്നു. സർക്കാർ സംവിധാനങ്ങൾ പ്രഖ്യാപിച്ച് ചില കാൾ ഫ്രീ നമ്പറുകളിൽ ഒതുങ്ങുകയാണ്. ഇത്തരം സംവിധാനങ്ങളെ കുറിച്ച് വിദ്യാലയങ്ങളിൽ ബോർഡുകളും ബോധവൽക്കരണവും വേണം എന്ന ആവശ്യം ഉയരുന്നുണ്ട്.
2021-ൽ 13,089 വിദ്യാർഥികൾ ആത്മഹത്യചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 4.5 ശതമാനത്തിന്റെ വർധനയാണ്.
കഴിഞ്ഞവർഷം ജീവനൊടുക്കിയവരിൽ 10,732 പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. വീട്ടിലെ പ്രശ്നങ്ങളും പരീക്ഷാ തോൽവിയും കുട്ടികളെ ആത്മഹത്യയിലേക്ക് എത്തിക്കുന്നു.
ആത്മഹത്യചെയ്യുന്ന വിദ്യാർഥികളിൽ കൂടുതലും ആൺകുട്ടികളാണ്. ജീവിത സമ്മർദ്ദവും ഇവരിലേക്ക് എത്തുന്നു. 15.8 ശതമാനം പേർ പ്രൈമറിതലംവരെ പഠിച്ചവരാണ്. 11 ശതമാനം കാര്യമായ വിദ്യാഭ്യാസമില്ലാത്തവർ
ബിരുദ ധാരികൾക്ക് ഇടയിലെ ആത്മഹത്യാ നിരക്ക് കുറവാണ് 4.6 ശതമാനം. ചെറിയ പ്രായത്തിൽ തന്നെ നിസ്സഹായമായി പോകുന്നതും വിദ്യാഭ്യാസത്തിന് പോലും അവസരം ലഭിക്കാത്തതും കുട്ടികളെ ജീവിത നൈരാശ്യത്തിലേക്ക് നയിക്കുകയാണ്.
ആത്മഹത്യ പരിഹാരമല്ല, സ്വയം നശിപ്പിക്കലല്ല വേണ്ടത്

ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിക്കുന്നത് താത്കാലിക സാഹചര്യങ്ങളാണ്. നിശ്ചിത സമയത്തും അവസ്ഥയിലും ഉണ്ടാവുന്ന കടുത്ത നൈരാശ്യ ചിന്തയും അതിന് കാരണമാവുന്ന അനുഭവവും കുട്ടികളെ പെട്ടെന്ന് കടുത്ത തീരുമാനത്തിലേക്ക് നയിക്കയാണ്.
എല്ലാത്തിനെയും മറികടക്കാനുള്ള സാഹചര്യവും സമയവും ജീവിതത്തിൽ അവശേഷിക്കുന്നുണ്ട് എന്ന തീരുമാനത്തിലേക്ക് എത്തുക പ്രധാനമാണ്. പുറം മോടികളിലെ മത്സരവും താത്കാലിക നേട്ടങ്ങളും അല്ല. പൊരുതി നേടുമ്പോഴാണ് ജീവിതം കരുത്തുറ്റതാവുന്നത്. ഓരോരുത്തർക്കും വ്യത്യസ്തമായ അവസരങ്ങൾ ലോകത്ത് ഉണ്ട്. വിവേക പൂർവ്വം അവയിലേക്ക് എത്തുക എന്നത് പ്രധാനമാണ്.