തെരഞ്ഞെടുപ്പ് കമീഷണറായി അരുൺ ഗോയലിനെ നിയമിച്ചതിന്റെ ഫയൽ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമീഷണർ നിയമനം സുതാര്യമാക്കണമെന്ന ഹർജിയിലാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ശ്രദ്ധേയ ഇടപെടൽ.
സ്വയം വിരമിക്കാൻ അവസരം നൽകി, കമീഷണർ സ്ഥാനത്ത് കൊണ്ടു വന്നു..
നവംബർ ഇരുപത്തൊന്നിനാണ് അരുൺ ഗോയൽ ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് കമീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഭരണഘടനാബെഞ്ച് പരിഗണിക്കവെയാണ് കേന്ദ്രം അരുൺഗോയലിനെ നിയമിച്ചത്. ഘനവ്യവസായ മന്ത്രാലയത്തിൽ സെക്രട്ടറിയായ അരുൺ ഗോയലിനെ സർവീസിൽനിന്നും സ്വമേധയാ വിരമിക്കാന്‍ അവസരം നല്കി തെരഞ്ഞെടുപ്പ് കമീഷണറായി പ്രതിഷ്ഠിക്കുകയായിരുന്നെന്ന് ഹർജിക്കാർക്കുവേണ്ടി അഡ്വ. പ്രശാന്ത്ഭൂഷൺ ചൂണ്ടിക്കാട്ടി. സ്വയംവിരമിച്ച അരുൺ ഗോയലിനെ തൊട്ടടുത്തദിവസം തെരഞ്ഞെടുപ്പുകമീഷണറായി നിയമിക്കുകയായിരുന്നു.
സാധാരണഗതിയിൽ വിരമിച്ച ഉദ്യോഗസ്ഥരെയാണ് കമീഷണറായി നിയമിക്കാറുള്ളതെന്നും -അദ്ദേഹം പറഞ്ഞു. തുടർന്നാണ് നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് കോടതി നിർദേശിച്ചത്. നിയമനം ഒഴിവാക്കുന്നതായിരുന്നു ഉചിതമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അധികാരത്തിലുള്ള സർക്കാരുകൾ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർമാരെ കളിപ്പാവകളാക്കുന്നതായി സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവിഷയം സ്വതന്ത്രവും നിഷ്പക്ഷവുമായ സമിതിക്ക് വിടണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജിയാണ് ഭരണഘടനാബെഞ്ച് പരിഗണിക്കുന്നത്.
ഹർജിയിലെ പ്രധാന ആവശ്യങ്ങളോട് യോജിക്കുന്ന നിരീക്ഷണങ്ങളാണ് കഴിഞ്ഞദിവസം കോടതിയില്‍നിന്ന് ഉണ്ടായത്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ വ്യക്തിത്വമുള്ള സമ്മർദ്ദങ്ങൾക്ക് കീഴടങ്ങാത്ത ആളാകണം. അങ്ങനെയുള്ള ഒരു വ്യക്തിയെ ആര് നിയമിക്കുമെന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. ബാഹ്യ ഇടപെടലുകൾ പരമാവധി ഒഴിവാക്കാൻ സുപ്രീംകോടതി ചീഫ്ജസ്റ്റിസുകൂടി അംഗമായ സമിതി രൂപീകരിക്കുന്നതാണ് ഉചിതമെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വാക്കാൽ നിരീക്ഷിച്ചിച്ചിരുന്നു.
വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
തിരഞ്ഞെടുപ്പിന് മുൻപ് തിരക്കിട്ട് നിയമനം
മൂന്നു ദിവസം മൻപാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്. പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയൽ നവംബർ 18ന് സ്വയം വിരമിക്കയായിരുന്നു.
കമ്മീഷണർ പദവിയിൽ ഇദ്ദേഹത്തിന് 2027 ഡിസംബർ വരെ കലാവധി ലഭിക്കുമായിരുന്നു. 2025 ഫെബ്രുവരിയിൽ രാജീവ് കുമാർ സ്ഥാനമൊഴിയുന്നതോടെ ഗോയൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി മാറുകയും ചെയ്യുമായിരുന്നു.
ഈ വർഷം മേയിൽ സുശീൽ ചന്ദ്ര വിരമിച്ച ഒഴിവിൽ രാജീവ്കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായതോടെ മൂന്നംഗ പാനലിൽ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ആറു വർഷമോ 65 വയസ് തികയുന്നതുവരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷണർ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കാലാവധി.
ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ ഗുജറാത്ത് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ നിയമനം. നാഗാലാൻഡ്, മേഘാലയ, ത്രിപുര, കർണാടക എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.


