എസ്.എഫ്.ഐ നേതാവിനെ റാഗ് ചെയ്തുവെന്ന പരാതിയില്‍ അലന് ഷുഹൈബിന് എതിരായ പരാതി കെട്ടിചമച്ചതെന്ന് കണ്ടെത്തൽ. പാലയാട് ക്യാമ്പസിലുണ്ടായത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നം മാത്രമാണെന്ന് റാഗിംഗ് വിരുദ്ധ കമ്മിറ്റി റിപ്പോര്‍ട്ട് നൽകി. തുടര്‍ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും കമ്മിറ്റിയുടെ തീരുമാനം. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തുടങ്ങിയ തർക്കങ്ങൾ അനാരോഗ്യകരമായി തുടരുന്നത് ആശങ്കപ്പെടുത്തുന്നതെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു.
റാഗിങ് അല്ല വിദ്യാർഥികൾ തമ്മിലെ പ്രശ്നം
തർക്കങ്ങൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗം. പരാതിക്കാരനാണ് തർക്കങ്ങൾക്കു തുടക്കമിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമെന്നും ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ട് പറയുന്നു. ഒന്നാംവർഷ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അദിൻ സുബിയുടെ പരാതിയിലാണ് കേസ് എടുത്തിരുന്നത്.
പാലയാട് ക്യാംപസിലെ ഒന്നാം നിയമ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അദിൻ സുബിനെ, സീനിയർ വിദ്യാർഥിയായ അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗിങ്ങിന് ഇരയാക്കിയെനായിരുന്നു എസ്എഫ്ഐ ആരോപണം. മർദ്ദന പരാതിയിൽ അലൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് എതിരെ ധർമ്മടം പോലീസ് കേസും എടുത്തിരുന്നു. പിന്നാലെയാണ് കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി പരാതി പരിശോധിച്ചത്. പരാതിയിൽ ആരോപിക്കും പോലെ റാഗിംഗ് നടന്നിട്ടില്ലെന്ന് കണ്ടെത്തൽ.
അലന് ഷുഹൈബ് റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പടുന്നില്ല. സമിതി വ്യക്തമായി അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ വിദ്യാര്‍ഥികളുടെയും മറ്റ് ആളുകളുടെയും മൊഴിയെടുത്തതിന് ശേഷമാണ് പരാതിയില്‍ പറയുന്ന പോലൊരു റാഗിംഗ് അവിടെ നടന്നിട്ടില്ല എന്ന തീരുമാനത്തിലേക്ക് സമിതിയെത്തുന്നത്.
എസ്.എഫ്.ഐ നേതാവിനെ അലന് ഷുഹൈബ് മര്‍ദിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അജിംസ് ബി എന്ന യുവാവിനെ അലന് ഷുഹൈബും സംഘവും റാഗ് ചെയ്തുവെന്നതായിരുന്നു അലനെതിരെ ഉയര്‍ന്നിരുന്ന ആരോപണം. ഇതേ തുടര്‍ന്ന് അലനെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്യുകയും സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. നേരത്തെ എന്‍.ഐ.എ കേസില്‍ പ്രതിയായ അലന് ഷുഹൈബിന് ഇത്തരത്തില്‍ മറ്റ് കേസുകള്‍ കൂടി വരുന്നതോട് കൂടി അദ്ദേഹത്തെ ജാമ്യം റദ്ദാകുമെന്ന സാഹചര്യമുണ്ടായിരുന്നു.


